
കൊല്ലം: പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആനുകുല്യങ്ങൾ സമയബന്ധിതമായി നൽകണമെന്നും ജാതി സെൻസസ് നടപ്പാക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ഭാരതീയ വേലൻ സർവീസ് സൊസൈറ്റി (ബി.വി.എസ്.എസ്) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യഭ്യാസ വകുപ്പിൽ പി.ടി.എ വഴിയുള്ള താത്കാലിക അദ്ധ്യാപക നിയമനം സംവരണം അട്ടിമറിക്കും. ഇത് പരിഹരിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സംവരണതത്വം പാലിച്ച് നിയമനം നടത്താൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സി.കെ.രവീന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഓമനക്കുട്ടൻ അനുശോചന സന്ദേശം നൽകി. സംസ്ഥാന പ്രസിഡന്റ് കെ.കെ.ശശി മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന സമുദായ അംഗങ്ങളെ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ആദരിച്ചു. വാട്ടർ അതോറിട്ടി ബോർഡ് മെമ്പറും ദലിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റുമായ ഉഷാലയം ശിവരാജൻ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി.കെ. സോമൻ, വിനയകുമാർ, ജോയിന്റ് സെക്രട്ടറിമാരായ കമലാസനൻ, ഗീത, വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് സുജ ഗോപാൽ, യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് എസ്. ശ്രീരാജ് എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വാസുദേവൻ സ്വാഗതവും പുഷ്പാംഗദൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സി.കെ. രവീന്ദ്രൻ (പ്രസിഡന്റ്), ബാബു, സുധാകരൻ, വിനോദ് (വൈസ് പ്രസിഡന്റുമാർ), ഓമനക്കുട്ടൻ, വാസുദേവൻ (ജനറൽ സെക്രട്ടറിമാർ), പങ്കജാക്ഷൻ, രാജീവ് (ജോയിന്റ് സെക്രട്ടറിമാർ), ബിനു പനവേലി (ട്രഷറർ).