കൊല്ലം: ജില്ലാ ആശുപത്രിയിലെ നവീകരിച്ച ഓപ്പറേഷൻ തിയേറ്റർ ഏഴ് മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ തുറന്നു. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആശുപത്രിയിൽ അത്യാധുനിക ഡിജിറ്റൽ എക്‌സ്റേ യൂണിറ്റ് സ്ഥാപിക്കുമെന്ന് നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വകയിരുത്തിയ ഒരു കോടി രൂപ ചെലവിട്ടാണ് ഓപ്പറേഷൻ തിയേറ്റർ നവീകരിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജെ. നജീബത്ത്, വസന്ത രമേശ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.പി. സുധീഷ് കുമാർ,സെക്രട്ടറി വൈ. വിജയകുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അനിത, എച്ച്.എം.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.