കൊല്ലം: കേന്ദ്രം സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുമ്പോഴും മെഡിസെപ് പോലെയുള്ള ജനോപകാര പദ്ധതികൾ ഇടതുപക്ഷ സർക്കാർ കേരളത്തിൽ നടത്തുന്നുണ്ടെന്നും സർക്കാർ ജീവനക്കാരെ സർക്കാർ കൈവിടില്ലെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മളനത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് കന്റോൺമെന്റ് മൈതാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. .
ഡി.എ കുടിശ്ശിക ലഭിക്കുന്നില്ലെന്ന പരാതി കെ.ജി.ഒ.എ അംഗങ്ങൾക്ക് ഉണ്ടെന്നത് സർക്കാരിന്റെ ശ്രദ്ധയിലുണ്ട്. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി മാറുന്ന മുറയ്ക്ക് കുടിശ്ശിക വിതരണം ചെയ്യും. ജനാധിപത്യ സംവിധാനങ്ങൾ ദുർബലമാകുവെന്നതാണ് ഈ കാലഘട്ടത്തിലെ പ്രധാന ദുരവസ്ഥ. ഭരണഘടനയെ ബലപ്പെടുത്തുന്ന സുപ്രീംകോടതി വിധികളാണ് സമൂഹത്തിൽ ഉണർവിന്റെ വെളിച്ചം പകർന്ന് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. മോഹനചന്ദ്രൻ അദ്ധ്യക്ഷനായി. സി.പി.എം നേതാക്കളായ എസ്. സുദേവൻ, എസ്.ജയമോഹൻ, കെ.വരദരാജൻ, കെ.ജി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി ചിന്നക്കടയിൽ നിന്ന് കന്റോൺമെന്റ് മൈതാനിയിലേക്ക് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനം നടന്നു.
സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾക്കും വർഗീയതയ്ക്കുമെതിരെ സ്ത്രീ സമൂഹം പോരാടണമെന്നും സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സൈബർ ഇടങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള ആക്രമങ്ങൾ തടയുന്നതിന് കൃത്യമായ നിയമനിർമ്മാണം കൊണ്ടുവരണമെന്നും സമ്പൂർണ സ്ത്രീപക്ഷ സാമൂഹിക സാക്ഷരത ഉറപ്പു വരുത്തണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
കെ. ജി. ഒ. എ സംസ്ഥാന വനിതാ കമ്മറ്റി കൺവീനറായി ഡോ. പി. ശ്രീദേവിയെയും ജോയിന്റ് കൺവീനർ മാരായി എം. എസ് ലിംന, ബിജിദാസ്, ഡോ. പി. വി. മിനി എന്നിവരെ തിരഞ്ഞെടുത്തു. ഉച്ചയ്ക്കു ശേഷം നടന്ന യാത്രയയപ്പ് സമ്മേളനം കെ.എസ.്എഫ.്ഇ. ചെയർമാൻ കെ.വരദരാജൻ ഉദ്ഘാടനം ചെയ്തു.