ശാസ്താംകോട്ട: ചക്കുവള്ളി ജംഗ്ഷനിലും പരിസരങ്ങളിലുമായി നാല് പേർക്ക് നായയുടെ കടിയേറ്റു. ചക്കുവള്ളി ജംഗ്ഷന് പടിഞ്ഞാറ് വർക്ക്ഷോപ്പിലെ ജീവനക്കാരായ ശൂരനാട് വടക്ക് ചോതിഭവനം വീട്ടിൽ രമേശൻ, ആനയടി മിഥിലാഭവനത്തിൽ ജിബി, പോരുവഴി വടക്കേമുറി കൂഴിക്കാട്ട് ബാബു എന്നിവർക്കും ചക്കുവള്ളി സ്വദേശിയായ രണ്ടു വയസുള്ള കുഞ്ഞിനുമാണ് കടിയേറ്റത്. കുഞ്ഞിനെ വീട്ടിലെ വളർത്തുനായയാണ് കടിച്ചത്. വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കായെത്തിച്ച ബസിനടിയിൽ കിടന്ന് ജോലിചെയ്യുന്നതിനിടെയാണ് രമേശനും ജിബിക്കും കടിയേറ്റത് വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെയാണ് ബാബുവിന് കടിയേറ്റത്. മൂവരെയും തെരുവ് നായയാണ് കടിച്ചത്. പരിക്കേറ്റവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.