പടിഞ്ഞാറെ കല്ലട : എക്സോസ്റ്റ് ബ്ലോവറിൽ കുടുങ്ങിയ ചെമ്പോത്തി( ഉപ്പൻ ) നെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ശാസ്താംകോട്ട, ബോഡി ഗിയർ പാവ കമ്പനിയിലെ നാൽപ്പത് അടിയോളം ഉയരമുള്ള കാറ്റടിച്ചു കറങ്ങുന്ന എക്സോസ്റ്റ് ബ്ലോവറിലാണ് ചെമ്പോത്ത് കുടുങ്ങിയത്. രാവിലെ പത്തരയ്ക്കാണ് സംഭവം. പാവ കമ്പനിയിലെ ജീവനക്കാർ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും നടന്നില്ല. ഒരു മണിക്കൂറോളം മരണ വെപ്രാളത്തിൽ പിടഞ്ഞ പക്ഷിയെ വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ നിന്ന് ഫയർഫോഴ്സ് എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മനോജ് അതിസാഹസികമായി ലാഡറിന്റെ സഹായത്താൽ മുകളിൽ കയറി ചെമ്പോത്തിനെ എടുക്കുകയുമായിരുന്നു .കാലിന് പരിക്കുള്ളതിനാൽ ശാസ്താംകോട്ട മൃഗാശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്.സജീവ് ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആർ.രതീഷ്, ആർ.രാജേഷ് ,വിജേഷ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ഹരിലാൽ ഹോം ഗാർഡ് സുന്ദരൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.