കൊല്ലം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഏകതയാണ് നിലനിൽപ്പിന് ആധാരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കൊല്ലം രൂപത കോർപ്പറേറ്റ് മാനേജ്‌മെന്റും നന്മമരം ഗ്ലോബൽ ഫൗണ്ടേഷനും സംയുക്തമായി ക്രിസ്തുരാജ് സ്കൂളിൽ ആരംഭിച്ച മധുരവനം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജൂബിലി ആഘോഷിക്കുന്ന ക്രിസ്തുരാജ് സ്കൂൾ പ്രകൃതി സംരക്ഷത്തിന് ഊന്നൽ നൽകി മധുരവനം പദ്ധതി നടപ്പാക്കുന്നത് പ്രശംസാർഹമാണ്. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണാവബോധം വർദ്ധിപ്പിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടതിനു ശേഷമാണ് ഗവർണർ ഉദ്ഘാടന വേദിയിലേക്ക് എത്തിയത്. പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ അദ്ദേഹം ആദരിച്ചു. കൊല്ലം രൂപത മെത്രാൻ ഡോ.പോൾ ആന്റണി മുല്ലശേരി അദ്ധ്യക്ഷനായി. കൊല്ലം രൂപത എഡ്യുക്കേഷൻ സെക്രട്ടറി ഫാ.ബിനു തോമസ്, മുൻ ഡി.ജി.പിയും നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ രക്ഷാധികാരിയുമായ ശ്രീലേഖ, നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സ്റ്റേറ്റ് ചീഫ് കോ ഓർഡിനേറ്റർ ജേക്കബ് എസ്.മുണ്ടപ്പുളം, വൈസ്‌മെൻ ഇന്റർനാഷണൽ പ്രസിഡന്റ് (ഇലക്ട്) അഡ്വ.എ.ഷാനവാസ് ഖാൻ, മുഹമ്മദ് റാഫി ഫൗണ്ടേഷൻ ചെയർമാൻ ശ്യാംകുമാർ, പ്രിൻസിപ്പൽ എ.റോയ്സ്റ്റൺ എന്നിവർ സംസാരിച്ചു.