photo
ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് കാത്ത് കഴിയുന്ന കരുനാഗപ്പള്ളി യു.പി.ജി സ്കൂൾ

കരുനാഗപ്പള്ളി: യു.പി.ജി സ്കൂൾ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയായി രണ്ട് വർഷം പിന്നിടുമ്പോഴും നഗരസഭാ അധികൃതർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തതിൽ പ്രതിഷേധം. ഫയർ ആൻഡ് റസ്ക്യൂ സംവിധാനമില്ലെന്നതാണ് നഗരസഭാ അധികൃതർ പറയുന്ന കാരണം. ഒരു വർഷം മുമ്പ് ആരംഭിച്ച ഫയർ ആൻഡ് റസ്ക്യൂ സംവിധാനത്തിന്റെ നിർമ്മാണം ഒച്ചിന്റെ വേഗതയിലാണ് നീങ്ങുന്നത്.

പദ്ധതി ഏറ്റെടുത്ത് നഗരസഭ, പക്ഷേ

ബഹുനില കെട്ടിടത്തിന് ഫിറ്റ്നസ് നൽകാനാവില്ലെന്ന് നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ നഗരസഭ തന്നെ മുൻകൈയ്യെടുത്ത് 5 ലക്ഷം രൂപ വകയിരുത്തി പദ്ധതി എറ്റെടുത്തു. കഴിഞ്ഞ വർഷം മേയിലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. ഒരു മാസത്തിനുള്ളിൽ തീരേണ്ട പണി ഇപ്പോഴും തുടരുകയാണ്. പദ്ധതി നിർവഹണം നടത്തേണ്ട ഉദ്യോഗസ്ഥൻ തന്നെ ജോലി സമയ ബന്ധിതമായി പൂർത്തിയാക്കാതെ , ഫയർ ആൻഡ് റസ്ക്യൂ സംവിധാനം ഇല്ലെന്ന് പറഞ്ഞ് കെട്ടിടത്തിന് ഫിറ്റ്നസ് നിഷേധിക്കുകയാണ്.

പഴയ സ്കൂൾ കെട്ടിടം പൊളിച്ച് നീക്കി

ജില്ലയിൽ ഉയർന്ന പഠന നിലവാരമുള്ള സ്കൂളുകളിൽ ഒന്നാണിത്. പ്രീ - പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 900 ത്തോളം കുട്ടികളാണ് പഠിക്കുന്നത്. കുട്ടികളെ ഇരുത്താൻ സ്ഥലമില്ലാതെ വന്ന സാഹചര്യത്തിലാണ് പഴയ സ്കൂൾ കെട്ടിടം പൊളിച്ച് നീക്കി പുതിയത് നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. അന്നത്തെ എം.എൽ.എ ആർ.രാമചന്ദ്രന്റെ ശ്രമഫലമായി മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് ഡിപ്പാർട്ട്മെന്റ് 3.20 കോടി രൂപാ അനുവദിക്കുകയായിരുന്നു. 1511 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ 21 ക്ലാസ് മുറികളുള്ള 3 നില മന്ദിരമാണ് നിർമ്മിച്ചത്. കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയാ ഡെവലപ്പ്മെന്റ് കോർപ്പറേഷനായിരുന്നു നിർമ്മാണ ചുമതല. 2022ൽ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി താക്കാേൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ഫിഷറീസ് ഡിപ്പാർട്ട്മെന്റ് നൽകിയ സ്ട്രച്ചറൽ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റിന്റെ പിൻ ബലത്തിലാണ് ഇപ്പോൾ ക്ലാസ് മുറികൾ ഉപയോഗിക്കുന്നത്.

900 വിദ്യാർത്ഥികൾ

3.20 കോടിയുടെ കെട്ടിടം

21 ക്ലാസ് മുറികൾ

3 നില