പരവൂർ: പൂതക്കുളം- ഊന്നിൻമൂട് റോഡിൽ ബാങ്ക് ജംഗ്ഷനു സമീപം റോഡ് തകർന്നതോടെ, മഴ പെയ്താൽ കുണ്ടും കുഴിയും തിരിച്ചറിയാനാകാത്ത സ്ഥിതി. ഇരുചക്ര വാഹനയാത്രികർ ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവായി. പരവൂരിൽനിന്ന് പുതക്കുളം, ഊന്നിൻമൂട്, വർക്കല, പാരിപ്പള്ളി ഭാഗങ്ങളിലേക്ക് നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി പോകുന്നത്
പൂതക്കുളം ഹയർ സെക്കൻഡറി സ്കൂൾ, ചെമ്പകശ്ശേരി സ്കൂൾ എന്നിവിടങ്ങളിലേക്ക് നിരവധി വിദ്യാർത്ഥികൾ സൈക്കിളിൽ പോകുന്ന റോഡ് കൂടിയാണിത്. ടാർ ചെയ്തിട്ട് അഞ്ചു വർഷത്തിലെറെയായി. പൂതക്കുളം- ഊന്നിൻമൂട്, പൂതക്കുളം- ഇടയാടി, പൂതക്കുളം- പാരിപ്പള്ളി റോഡുകളുടെ നവീകരണത്തിന് 10 കോടി അനുവദിച്ചെങ്കിലും ടെൻഡർ നടപടികൾ ആരംഭിച്ചിട്ടില്ല. മഴ കനക്കുന്നതോടെ ദുരിതം രൂക്ഷമാവും. കുഴികൾ മൂടി അപകടം ഒഴിവാക്കണമെന്നാണ് നാടിന്റെ ആവശ്യം.
ഗതാഗതയോഗ്യമാക്കണം
പരവൂർ പൂതക്കുളം- ഊന്നിൻമൂട് റോഡിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് കോൺഗ്രസ് പൂതക്കുളം സൗത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അനിൽകുമാർ, മനീഷ്, രാജീവൻ പിള്ള, സജീവ് ബാബു, സുരേന്ദ്രൻ പിള്ള, രാധാകൃഷ്ണപിള്ള, ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.