photo
കോട്ടാത്തല പൂഴിക്കാട് ചിറയുടെ നവീകരണം

നവീകരണത്തിന് 10 ലക്ഷം

കൊട്ടാരക്കര: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം കോട്ടാത്തല പൂഴിക്കാട് ചിറയ്ക്ക് ശാപമോക്ഷം. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. ഇനി ചിറയിൽ തെളിനീർ നിറയും. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിലാണ് ചിറ നവീകരിക്കുന്നത്. തകർച്ചയിലായിരുന്ന ചിറയുടെ സംരക്ഷണ ഭിത്തികൾ പൂർണമായും ഇടിച്ചുമാറ്റി, പുതിയത് നിർമ്മിച്ചു. സംരക്ഷണ ഭിത്തികളുടെ മുകൾ ഭാഗം കോൺക്രീറ്റ് നടത്തിയതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറെക്കൂറെ പൂർത്തിയായി. ചിറയിലേക്കുള്ള നടവഴിയും സൗന്ദര്യ വത്കരണവുമാണ് ഇനി ശേഷിക്കുന്നത്.

ഏറെക്കാലമായി നാശത്തിൽ

നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല നാലാം വാർഡിലാണ് പൂഴിക്കാട് ചിറ സ്ഥിതി ചെയ്യുന്നത്. അഞ്ച് സെന്റ് ഭൂമിയും വഴിയുമാണ് ഇതിനായി രേഖകളിലുള്ളത്. പൂഴിക്കാട് ലക്ഷംവീട് കോളനിയിലെ താമസക്കാരടക്കം കുളിക്കാനും തുണി അലക്കാനും ഉപയോഗിച്ചിരുന്ന ചിറയാണിത്.ഏറെക്കാലമായി ചിറ തീർത്തും നാശത്തിലാണ്. സംരക്ഷണ ഭിത്തികൾ ഇടിഞ്ഞുതള്ളിയും കരിയിലയും പായലും നിറഞ്ഞ് വെള്ളം നശിച്ചും ഉപയോഗ ശൂന്യമായി മാറിയിരിക്കെയാണ് നവീകരണത്തിന് പദ്ധതി തയ്യാറാക്കിയത്. നേരത്തെ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുൻപ് ചിറ വൃത്തിയാക്കിയെങ്കിലും വേണ്ടത്ര ഫലപ്രദമായിരുന്നില്ല. പിന്നീട് ചിറ കൂടുതൽ നശിച്ചു.

ഒരു മാസത്തിനകം നാടിന് സമർപ്പിക്കും

ജില്ലാ പഞ്ചായത്തംഗം വി.സുമാലാൽ മുൻകൈയെടുത്താണ് ചിറ നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഒരു മാസത്തിനകം ചിറ നാടിന് സമർപ്പിക്കും. ഉപയോഗ ശൂന്യമായിരുന്ന ചിറ വീണ്ടും ഉപയോഗിക്കാൻ കഴിയും.