 
ഓയൂർ: പൂയപ്പള്ളി പഞ്ചായത്തിലെ ചെങ്കുളം വാർഡിൽ ഓയൂർ -ചെങ്കുളം - അടുതല റോഡിന്റെ വശത്ത് അപകടക്കുഴികൾ. അടുത്തിടെ വാട്ടർ അതോറിട്ടി റോഡരികിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ച ഭാഗത്തെ മണ്ണ് ഇടിഞ്ഞ് താഴ്ന്നു. പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴി മണ്ണിട്ട് മൂടിയിരുന്നു. എന്നാൽ മഴക്കാലമായതോടെ ആ ഭാഗം മണ്ണിടിഞ്ഞ് താണ് വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടന്ന് ചെളിക്കുണ്ടായി മാറിയിരിക്കുകയാണ്. ഇതുവഴി ചെറുതും വലുതുമായ നൂറ് കണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നത്. വാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ഇക്കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നിരവധി ഇരുചക്ര വാഹനങ്ങളും ഒരു ബസും ചരക്ക് കയറ്റി വന്ന ട്രക്കും കുഴിയിൽ വീണ് അപകടമുണ്ടായി.
അടിയന്തര നടപടി വേണം
കുഴി നികത്തിയ ശേഷം അവശേഷിച്ച മണ്ണ് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നതും അപകടത്തിന് കാരണമാകുന്നു. മൺകൂന മാറ്റുന്നതിനും പൈപ്പിട്ട ഭാഗത്തെ മണ്ണ് ഇടിഞ്ഞ് താഴ്ന്ന ഭാഗം പൂർണമായും കോൺക്രീറ്റ് ചെയ്യുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്കും മറ്റ് ബന്ധപ്പെട്ട അധികൃതർക്കും പ്രദേശവാസികൾ പരാതി നൽകി കാത്തിരിക്കുകയാണ്.