അഞ്ചൽ: അഞ്ചൽ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തകരാർ നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. പനച്ചവിളയിലാണ് വൈദ്യുതി തകരാർ പതിവായിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പോയ വൈദ്യുതി ശനിയാഴ്ച ഉച്ചയ്ക്കാണ് പുനഃസ്ഥാപിച്ചത്. ഞായറാഴ്ച രാത്രിയിലും ഏറെ നേരം വൈദ്യതിയില്ലായിരുന്നു. പനച്ചവിള മേഖലയിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളാണ് അധികൃതർക്ക് നാട്ടുകാർ നൽകിയത്. എന്നാൽ ഈ കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല വൈദ്യുതി പോകുന്നതിന്റെ കാരണം കണ്ടെത്താനും അധികൃതർ തയ്യാറാകുന്നില്ല.
അടിയന്തര നടപടി വേണം
വൈദ്യുതി മുടക്കം കാരണം ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട പലമരുന്നുകളും ഉപയോഗശൂന്യമാകുന്നതായും പരാതിയുണ്ട്. വിദ്യാർത്ഥികളും അസുഖ ബാധിതരും പ്രായമായവരും വൈദ്യുതി ഇല്ലാതെ പലവിധത്തിൽ കഷ്ടപ്പെടുകയാണ്. പനച്ചവിളയിൽ തുടർച്ചയാകുന്ന വൈദ്യുതി തകരാർ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ കാര്യത്തിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ ഇടപെടൽ പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടുകാർ.