കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി 17 കോൺവെക്സ് ലെൻസുകൾ സ്ഥാപിച്ചു. അപകട സാദ്ധ്യതാ വളവുകളിൽ എതിർ ദിശയിൽ നിന്ന് വാഹനങ്ങൾ വരുന്നത് കാണാനാണ് കണ്ണാടികൾ സ്ഥാപിച്ചത്. കരിക്കം അലൈഡ് ഫാക്ടറി ജംഗ്ഷൻ, സദാനന്ദപുരം കശുഅണ്ടി ഫാക്ടറി ഭാഗം, തവായിക്കോട് ജംഗ്ഷൻ, തെറ്റിയോട് ക്ഷേത്രം ഭാഗം, കക്കാട് ജംഗ്ഷൻ, കോട്ടൂർ മില്ലുമുക്ക്, മുട്ടവിള കിഴക്ക്, മുട്ടവിള പടിഞ്ഞാറ് എന്നിവിടങ്ങളിലും ശേഷിക്കുന്നവർ കടുവാപ്പാറ, കോക്കാട്, നിരപ്പിൽ വാർഡുകളിലെ വിവിധ ഇടങ്ങളിലുമാണ് സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സജീവ് ഉദ്ഘാടനം ചെയ്തു.

36 കോൺവെക്സ് ലെൻസ് സ്ഥാപിക്കും

പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ അപകട സാദ്ധ്യതാ മേഖലയെന്ന് കണക്കാക്കിയ ഭാഗങ്ങളിലാണ് കോൺവെക്സ് ലെൻസുകൾ സ്ഥാപിക്കുന്നത്. 36 സ്ഥലങ്ങളാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. ഒന്നാം ഘട്ടമെന്ന നിലയിലാണ് 17 എണ്ണം സ്ഥാപിച്ചത്. ശേഷിച്ചവയും ഉടനെ സ്ഥാപിക്കും.