കൊല്ലം: നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ സിഗ്നൽ ലൈറ്റുകൾ തെറ്റായി തെളിയുന്നത് കാൽനട യാത്രികരെയും ഡ്രൈവർമാരെയും ആശയക്കുഴപ്പത്തിലാക്കുന്നു. പച്ച സിഗ്നൽ തെളിഞ്ഞ് വാഹനങ്ങൾ മുന്നോട്ടു നീങ്ങി അല്പ സമയത്തിനു ശേഷം, പിന്നാലെയുള്ളവ വേഗം കുറച്ചു വരാനുള്ള മഞ്ഞ ലൈറ്റിനൊപ്പം നിറുത്താനുള്ള ചുവന്ന ലൈറ്റും തെളിയും. ഇത് പലപ്പോഴും വാഹനങ്ങൾ തമ്മിൽ ഉരസാനും തുടർന്ന് വാക്കേറ്റത്തിനും വഴിയൊരുക്കുന്നുണ്ട്. ചില സമയത്ത് ഇതിനൊപ്പം പച്ച ലൈറ്റ് കൂടി തെളിയുന്നതാണ് കാൽനട യാത്രികരെ വലയ്ക്കുന്നത്.
ഹൈസ്‌കൂൾ ജംഗ്ഷൻ, താലൂക്ക് കച്ചേരി ജംഗ്ഷൻ, ചിന്നക്കട പോസ്റ്റ് ഓഫീസിന് മുന്നിലെ സിഗ്നൽ എന്നിവിടങ്ങളിലാണ് ഒന്നിലേറെ സിഗ്നൽ ലൈറ്റുകൾ തെളിഞ്ഞ് യാത്രക്കാരെ കൺഫ്യൂഷനിലാക്കുന്നത്. സദാസമയം പൊലീസ് സാന്നിദ്ധ്യമുള്ള ചിന്നക്കട പോസ്റ്റ് ഓഫീസിന് മുന്നിലെ സിഗ്നലിൽ മഞ്ഞയും ചുവപ്പും കത്തിക്കിടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി ഉണ്ടാവുന്നില്ല. പലപ്പോഴും താലൂക്ക് കച്ചേരി ജംഗ്ഷനിലെയും ഹൈസ്‌കൂൾ ജംഗ്ഷനിലെയും സിഗ്നലുകൾ തകരാറിലാകുന്നത് മൂലം രൂക്ഷമായ ഗതാഗതക്കുരുക്കും ഉണ്ടാവാറുണ്ട്.
സീബ്രയിലും വാഹനങ്ങൾ
നഗരത്തിലെ പ്രധാന സിഗ്നലുകളിലും ബസ് സ്‌റ്റോപ്പുകൾക്ക് മുന്നിലും സീബ്ര ലൈനുകളിലേക്ക് കയറ്റി വാഹനങ്ങൾ നിറുത്തുന്നത് പതിവാണ്. വിദ്യാർത്ഥികളുടെ തിരക്കുള്ള രാവിലെയും വൈകിട്ടും ഇങ്ങനെ ബസുകൾ നിറുത്തുന്നതിനാൽ, വാഹനങ്ങളുടെ ഇടവേള കിട്ടുന്ന ഭാഗങ്ങളിലൂടെ വിദ്യാർത്ഥികൾ റോഡ് മുറിച്ചു കടക്കുന്നുണ്ട്. ഇത് അപകടസാദ്ധ്യതയും വർദ്ധിപ്പിക്കുന്നു. സീബ്രാലൈനുകൾ ഉള്ള സ്ഥലങ്ങളിൽ വേഗം കുറച്ച് പോകണമെന്ന നിർദ്ദേശവും പാലിക്കപ്പെടുന്നില്ല.