
കൊല്ലം: കടലാക്രമണം, കടൽ ഷോഭം എന്നിവ മൂലം വീട് നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിൽ പത്ത് ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്താൻ കഴിഞ്ഞ ദിവസം കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല അപ്രൂവൽ സമിതി തീരുമാനിച്ചു. ഇതോടെ ജില്ലയിൽ പദ്ധതി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം 560 ആയി.
വേലിയേറ്റ രേഖയിൽ നിന്ന് കരയിലേക്ക് 50 മീറ്റർ പരിധിക്കുള്ളിൽ കഴിയുന്നവർക്കാണ് പദ്ധതിയുടെ ആനുകൂല്യം. 37 കിലോമീറ്റർ തീര ദൈർഘ്യമുള്ള ജില്ലയിൽ വേലിയേറ്റ രേഖയിൽ നിന്നുള്ള 50 മീറ്റർ പ്രദേശത്ത് 1580 വീടുകളാണുള്ളത്. ഇതിൽ 567 പേരാണ് പദ്ധതിയിൽ ചേരാൻ സമ്മതം പ്രകടിപ്പിച്ചത്. മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്ത് കടലക്രമണത്തിൽ വീട് നഷ്ടപ്പെട്ടവരെയും പുതുതായി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിവേഗം പുനരധിവാസം
 ജില്ലാതല പർച്ചേസ് സമിതി 394 കുടുംബങ്ങൾക്ക് വസ്തു വാങ്ങാൻ അംഗീകാരം നൽകി
 ഇതിൽ 389 പേർ ഭൂമി വാങ്ങി
 388 പേർക്ക് വസ്തു വാങ്ങിയതിന്റെ തുക അനുവദിച്ചു
 290 പേർ വീട് വച്ച് താമസം മാറി
 28 പേർ മേൽക്കൂര വരെയുള്ള മൂന്നാം ഘട്ടം പണി പൂർത്തീകരിച്ചു
 22 പേർ രണ്ടാം ഘട്ടം പണിയും 19 പേർ അടിസ്ഥാനം വരെയുള്ള ഒന്നാം ഘട്ട പണിയും പൂർത്തീകരിച്ചു
3 സെന്റ് ഭൂമിക്ക് നൽകുന്നത് ₹ 6 ലക്ഷം
വീടുപണിക്ക് ₹ 4 ലക്ഷം