പടിഞ്ഞാറെകല്ലട : രണ്ടാഴ്ച മുമ്പ് പെയ്ത പെരുഴയിൽ കിടപ്പാടം തകർന്നതോടെ താമസിക്കാൻ ഇടമില്ലാതെ വലയുകയാണ് ഒരു അമ്മയും മകളും. ബന്ധു വീടുകൾ തോറും മാറി മാറി താമസിക്കേണ്ട ദുരവസ്ഥയിലാണ് അവരിപ്പോൾ. പടിഞ്ഞാറെ കല്ലട അയിത്തോട്ടുവ തോപ്പിൽ കടവിന് സമീപം നെടുംതറ കിഴക്കതിൽ വീട്ടിൽ വിധവയും രോഗിയുമായ 60കാരി സുപ്രഭയും ഭർത്താവ് ഉപേക്ഷിച്ച 42 കാരി മകൾ ശ്രീലേഖയുമാണ് ഇപ്പോൾ താമസിക്കാനിടമില്ലാതെ കഴിയുന്നത്. ഒരു വീട് വാടകയ്ക്ക് എടുക്കുവാനുള്ള നിവൃത്തിയില്ല. മകൾക്ക് കൂലിവേല ചെയ്ത് വല്ലപ്പോഴും കിട്ടുന്ന തുച്ഛമായ വരുമാനമാണ് മരുന്നിനും നിത്യ ചെലവിനുമുള്ളത്.
വീടിനായി അപേക്ഷിച്ചിട്ടും കിട്ടിയില്ല
കഴിഞ്ഞ 30ന് രാവിലെ 10ന് ഇവർ താമസിച്ചുകൊണ്ടിരുന്ന കാലപ്പഴക്കം ചെന്ന വീട് മഴയത്ത് മേൽക്കൂര തകർന്നു വീഴുകയും ഓട് തലയിൽ വീണു സുപ്രഭയ്ക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും വർഷമായി മുണ്ടകപ്പാടത്തോട് ചേർന്നചതുപ്പ് സ്ഥലത്ത് ഏത് നിമിഷവും ഇടിഞ്ഞു വീഴാറായ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ജനറൽ വിഭാഗത്തിൽപ്പെട്ട ഇവർ പുതിയ വീടിനായി സർക്കാരിൽ അപേക്ഷ നൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വീട് അനുവദിച്ചില്ല. പടിഞ്ഞാറേ കല്ലട വില്ലേജ് ഓഫീസർ ബി. അജയകുമാറുംമറ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തിയിട്ടുണ്ട്. ദുരിതങ്ങളിൽ നിന്ന് കരകയറ്റാൻ സുമനസുകൾ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണിവർ . ഫോൺ: 9747465342, ബാങ്ക് അക്കൗണ്ട് നമ്പർ: 10830100163425: ഐ.എഫ്.എസ്.സി FDRL0001083 .ഫെഡറൽ ബാങ്ക് കല്ലട വെസ്റ്റ്.