കുണ്ടറ: ഉരുകിയ ടാറിന്റെ മണമടിച്ച ഓർമ്മപോലുമില്ലാത്ത റോഡ് നാടിന്റെ തീരാദുരിതമായി! നവജ്യോതി ജംഗ്ഷൻ- വ്ലാവേത്ത് വഞ്ചി റോഡിനാണ് ഈ ദുർഗതി. വെള്ളിമൺ, പെരിനാട് പി.എച്ച്.സി എന്നിവിടങ്ങളിലേക്ക് പോകുന്നവരുടെ ആശ്രയമായ റോഡാണിത്. മഴക്കാലത്ത് കാൽനട, ഇരുചക്രവാഹന യാത്രികർക്ക് ഇതുവഴിയുള്ള യാത്ര അതികഠിനമെന്നുതന്നെ പറയാം.
പതിറ്റാണ്ടുകൾക്കു മുമ്പാണ് ഈ റോഡ് ടാർ ചെയ്തത്. അതിന്റെ അവശേഷിപ്പുകൾ മാത്രമാണ് ഇപ്പോഴുള്ളത്. റീബിൽഡ് കേരളയുടെ ഫണ്ടുപയോഗിച്ച് സ്റ്റാർച്ച് മുക്ക് മുതൽ കൈതകോടി വരെയുള്ള റോഡിന്റെ ടാറിംഗിനോടൊപ്പം ഈ റോഡിന്റേയും പണി നടത്താൻ തീരുമാനമായിരുന്നു. രണ്ടുകിലോമീറ്ററിൽ താഴെമാത്രം ദൈർഘ്യമുള്ള സ്റ്റാർച്ച് മുക്ക്- കൈതകോടി റോഡിന്റെ പണി രണ്ടുവർഷത്തിലധികമെടുത്ത് അടുത്തിടെയാണ് പൂർത്തിയാക്കിയത്. അതിനോടൊപ്പം ചെയ്തു തീർക്കേണ്ട, അരകിലോമീറ്ററിൽ താഴെയുള്ള നവജ്യോതി വ്ലാവേത്ത് വഞ്ചി റോഡിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല. രണ്ട് റോഡുകൾക്കും കൂടി 2 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.
പൊട്ടിപ്പൊളിഞ്ഞ യാത്ര
പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിൽ കൂടി വളരെ ബുദ്ധിമുട്ടിയാണ് കാൽനട യാത്രികരും വാഹനങ്ങളും കടന്നുപോകുന്നത്. നാൽപതോളം കുടുംബങ്ങൾ റോഡിനിരുവശത്തുമായി താമസിക്കുന്നുണ്ട്. മഴക്കാലത്ത് കുഴികളിൽ വീണ് അപകടങ്ങൾ ഉണ്ടാവുന്നതും പതിവാണ്. ഇരുചക്ര വാഹനയാത്രികരാണ് അപകടത്തിൽപ്പെടുന്നതിലേറെയും. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഓട്ടോറിക്ഷക്കാർക്ക് ഇതുവഴി വരാൻ മടിയാണ്. ഓട്ടം വിളിക്കുന്നവരോട് താത്പര്യമുള്ള ഓട്ടോക്കാർ മാത്രമേ എത്തുകയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു. പണി ഉടൻ ആരംഭിച്ച് ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം .
നവജ്യോതി ജംഗ്ഷൻ- വ്ലാവേത്ത് വഞ്ചി റോഡിന്റെ പണി ഉടൻ ആരംഭിക്കും. സമയബന്ധിതമായി പൂർത്തിയാക്കും. ജനങ്ങളുടെ ദുരിതത്തിന് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകും
പി.ജഗന്നാഥൻ, മെമ്പർ, ചെറുമൂട് 5-ാം വാർഡ്