എഴുകോൺ : പുത്തൂർ റൂട്ടിൽ ചീരങ്കാവിനും കോഴിക്കോടൻ മുക്കിനും ഇടയ്‌ക്കുള്ള ഈരാടൻമുക്കിൽ ഒരു വെയിറ്റിംഗ് ഷെഡ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം. ഈ റൂട്ടിൽ തിരുവനന്തപുരം ഫാസ്‌റ്റ് ഉൾപ്പടെ നൂറോളം ബസ് സർവീസുകളുണ്ട്. എപ്പോഴും ബസ് സർവീസുകളെ ആശ്രയിക്കുന്നവരാണ് ഈരാടൻ മുക്ക് നിവാസികൾ. പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കാഷ്യു ഫാക്‌ടറി, ക്ഷേത്രം, പബ്ലിക് ലൈബ്രറി എന്നിവ സ്ഥിതി ചെയ്യുന്ന ഈ ഭാഗത്ത് കുട്ടികളും സ്‌ത്രീകളുമാണ് കൂടുതൽ വലയുന്നത്. വേനലും മഴയും കൊണ്ട് ഇവർ വലയുന്നത് പതിവ് കാഴ്‌ച്ചയാണ്. ബസ് സ്‌റ്റോപ്പ് ഉണ്ടെങ്കിലും വെയിറ്റിംഗ് ഷെഡ് ഇല്ലാത്തതിനാൽ ചില ബസുകൾ തിരക്കേറിയ സമയത്ത് തോന്നും പോലെയാണ് നിറുത്തുന്നത്.
വിദ്യാർത്ഥികളാണ് കൂടുതൽ വലയുന്നത്. തുറസായ സ്ഥലത്ത് ബസ് കാത്ത് നിൽക്കുന്നത് അപകടങ്ങൾക്കും സാദ്ധ്യത സൃഷ്‌ടിക്കുന്നു.
പ്രബലൻ ചിറ്റാകോട്
കേരളകൗമുദി ഏജന്റ്
ബസ് യാത്രക്കാരുടെ ദുരിതം അധികൃതർ മനസിലാക്കുന്നില്ല.നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യമാണ്.
എൻ. കനകമ്മ
പ്രസിഡന്റ്
എസ്.എൻ .ഡി .പി യോഗം
632-ാം നമ്പർ ശ്രീകുമാരമംഗലം ശാഖ
നാട്ടുകാരുടെ ആവശ്യത്തോട് അനുഭാവപൂർണമായ നിലപാടാണ് പഞ്ചായത്തിനുള്ളത്. ജംഗ്‌ഷനിൽ സ്ഥല പരിമിതിയാണ് തടസം. സ്ഥലം ലഭ്യമാകുന്ന മുറയ്‌ക്ക് ഭാവിയിൽ പഞ്ചായത്ത് ഫണ്ട് നീക്കി വയ്‌ക്കും.
ബീന മാമച്ചൻ
രണ്ടാം വാർഡ് മെമ്പർ
എഴുകോൺ പഞ്ചായത്ത്