കൊല്ലം: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി കഴിഞ്ഞ രണ്ട് മാസത്തിനിടെ പക്ഷപ്പനി വ്യാപനവുമായി ബന്ധപ്പെട്ട് കുഴിച്ചുമൂടിയത് 130722 പക്ഷികളെ. മൂന്ന് ജില്ലകളിലുമായി 27,964 പക്ഷികൾ ചത്തു. 1,02,758 പക്ഷികളെ രോഗവ്യാപനം തടയാൻ പ്രോട്ടോകോൾ പ്രകാരം കൊന്ന് കുഴിച്ചുമൂടി. 14,732 മുട്ടകളും 15,221 കിലോ തീറ്റയും നശിപ്പിച്ചു.
ഇന്നലെ രാവിലെ മന്ത്രി ജെ.ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടന്ന അവലോകന യോഗത്തിലാണ് നഷ്ടത്തെ കുറിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്. ആലപ്പുഴ ജില്ലയിൽ രണ്ട് മാസത്തിനിടെ 73,601 പക്ഷികളെയാണ് കുഴിച്ചുമൂടിയത്. താറാവ്- 60,127, കോഴി- 1227, കാട- 952, ടർക്കി- 8, മറ്റുള്ള പക്ഷികൾ- 203. കുട്ടനാട്ടിൽ മാത്രം 900 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ പക്ഷിപ്പനി വ്യാപിക്കുകയുണ്ടായി. ആകെ 15 പ്രഭവ കേന്ദ്രങ്ങളാണ് കേരളത്തിൽ ഉണ്ടായത്. ആലപ്പുഴയിൽ പത്തും കോട്ടയത്ത് മൂന്നും പത്തനംതിട്ടയിൽ രണ്ടുമാണ് പ്രഭവകേന്ദ്രങ്ങൾ.

ഇന്നലെ രാവിലെയും അങ്ങിങ്ങായി പക്ഷിപ്പനി റിപ്പോർട്ടുകൾ വരുന്നതായി യോഗം വിലയിരുത്തി. ആലപ്പുഴ നഗരസഭയിൽ പക്ഷികൾ ചാവുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ രണ്ട് ഫാമുകളിലും പക്ഷിപ്പനി ബാധിച്ചു. മണർകാട്ടെ മേഖല കോഴി വളർത്തൽ കേന്ദ്രത്തിൽ 9175 കോഴികളെയും നിരണത്തെ താറാവ് വളർത്തൽ കേന്ദ്രത്തിൽ 3948 താറാവുകളെയും കൊന്നു കത്തിച്ചു.

ചേർത്തല മുനിസിപ്പാലിറ്റി പരിധിയിലും കഞ്ഞിക്കുഴി പഞ്ചായത്തിലും മുഹമ്മ പഞ്ചായത്തിലും ഉണ്ടായ പക്ഷിപ്പനിയെ കുറിച്ച് ചർച്ച ചെയ്യാനാണ് അടിയന്തരമായി മന്ത്രി ഓൺലൈൻ യോഗം വിളിച്ചത്. മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. നഷ്ടങ്ങൾ വിലയിരുത്തുകയാണെന്നും കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.