കരുനാഗപ്പള്ളി: പെരുന്നാളിന് ഇനി നാല് ദിവസങ്ങൾ മാത്രം ശേഷിക്കെ റേഷൻ കടകളിൽ സാധനങ്ങൾ എത്തിയില്ലെന്ന പരാതി വ്യാപകം. പെരുന്നാൾ പ്രമാണിച്ച് എല്ലാ വർഷവും ഒരാഴ്ചക്ക് മുമ്പ് തന്നെ റേഷൻ സാധനങ്ങൾ കടകളിൽ എത്തുമായിരുന്നു. 13 ആയിട്ടും സാധനങ്ങൾ കടകളിൽ എത്തിയിട്ടില്ല. എല്ലാ മാസവും 10ന് മുമ്പ് സാധനങ്ങൾ കടകളിൽ എത്തിയിരുന്നതാണ്. കരാറുകാരുടെ സമരമാണ് റേഷൻ സാധനങ്ങൾ കടകളിൽ എത്തിക്കാൻ കഴിയാത്തതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. റേഷൻ സാധനങ്ങൾക്കായി കടകളിൽ എത്തുന്ന കാർഡ് ഉടമകളും കച്ചവടക്കാരും തമ്മിലുള്ള വഴക്ക് പതിവായി.
കരാറുകാരന്
കുടിശ്ശിക 35 ലക്ഷം
താലൂക്കിൽ
246 റേഷൻ കടകൾ
പ്രതി മാസം 1500 മെട്രിക് ടൺ റേഷൻ ആവശ്യം
കരാറുകാരന് ലക്ഷങ്ങളുടെ കുടിശ്ശിക
റേഷൻ സാധനങ്ങൾ ഗോഡൗണിൽ നിന്ന് വാഹനങ്ങളിൽ കയറ്റി റേഷൻ കടകളിൽ എത്തിക്കുന്നത് കരാറുകാരനാണ്. സാധനങ്ങൾ തൊഴിലാളികൾ വാഹനങ്ങളിൽ കയറ്റുന്നതിനും റേഷൻ കടകളിൽ കൊണ്ടുപോയി ഇറക്കുന്നതിനും തൊഴിലാളികൾക്ക് കൂലി നൽകുന്നതും കരാറുകാരനാണ്. അതുപോലെ തന്നെ വാഹനങ്ങൾക്ക് വാടക കൊടുക്കുന്നതും കരാറുകാരന്റെ ചുമതലയാണ്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ കരാറുകാരന് സപ്ലൈകോ നൽകേണ്ട പണം നൽകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കുടിശ്ശിക ഇനത്തിൽ കരുനാഗപ്പള്ളി താലൂക്കിലെ കരാറുകാരന് 35 ലക്ഷത്തോളം രൂപ നൽകാനുണ്ടത്രേ. കരുനാഗപ്പള്ളി താലൂക്കിൽ 246 റേഷൻ കടകളാണ് ഉള്ളത്. പ്രതി മാസം 1500 മെട്രിക് ടൺ റേഷൻ സാധനങ്ങളാണ് കരുനാഗപ്പള്ളിയിലെ റേഷൻ കടകൾക്ക് ആവശ്യമുള്ളത്. 150 ലോഡ് സാധനങ്ങളാണ് ഒരു മാസം കയറ്റി ഇറക്കുന്നത്.
അടിയന്തര നടപടി വേണം
ബി.പി.എൽ, എ.എ.വൈ, എസ്.എസ്, എൽ.പി.എൽ എന്നീ വിഭാഗങ്ങളിൽ ഉള്ളവർ റേഷൻ സാധനങ്ങൾ കിട്ടാതെ വലയുകയാണ്. റേഷൻ സാധനങ്ങൾ എന്നത്തേക്ക് എത്തിക്കാൻ കഴിയുമെന്ന് പറയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല. പൊതു വിപണിയിൽ അരി ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില ഉയർന്നതോടെ എല്ലാ വിഭാഗങ്ങളിലും ഉള്ളവർ റേഷൻ സാധനങ്ങൾ പൂർണമായും വാങ്ങി തുടങ്ങിയിട്ടുണ്ട്. റേഷൻ സാധനങ്ങൾ കടകളിൽ എത്തിക്കാൻ അടിയന്തര നടപടി വേണം