കൊല്ലം: വജ്രവ്യാപാരികളെ വിളിച്ചുവരുത്തി ആക്രമിച്ച ശേഷം കവർച്ച നടത്തിയ സംഘത്തിലെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പിടയിൽ. പനമൂട് തെക്കുംഭാഗം കോട്ടൂർ പടിഞ്ഞാറ്റതിൽ അജിത്ത് (25), ജോനകപ്പുറം കൊളുത്തുവിളാകം പുരയിടത്തിൽ സെയ്ദാലി (26), നീരാവിൽ പനയ്ക്കൽ തെക്കതിൽ നിജാദ് (28), പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ട് ഗാന്ധിനഗർ 26 ൽ ഫൈസൽ (29), പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ട് ഗാന്ധിനഗർ 26 ൽ അഫ്സൽ (30) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. മലപ്പുറം എടപ്പാൾ പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്ജിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് വജ്രക്കല്ലുകളും കണ്ടെത്തി.
കഴിഞ്ഞ 6ന് രാവിലെ 10.30നായിരുന്നു സംഭവം. തൃശൂരിലെ ജൂവലറിയിൽ ഡയമണ്ട് സെക്ഷനിലെ മാർക്കറ്റിംഗ് മാനേജരായ സുരേഷ് കുമാറിനെയും സുഹൃത്തുക്കളെയും ഡയമണ്ട്‌സ് ആവശ്യമുണ്ടെന്ന് പറഞ്ഞ് ചിന്നക്കടയിലെ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തി. തുടർന്ന് പ്രതികൾ ഇവരെ മർദ്ദിച്ച് അവശരാക്കിയ ശേഷം ബാഗിൽ സൂക്ഷിച്ചിരുന്ന ആറര ലക്ഷം രൂപ വിലവരുന്ന രണ്ട് വജ്രക്കല്ലുകളും സുരേഷ് കുമാറിന്റെ സുഹൃത്ത് ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയും മൊബൈൽ ഫോണുകളും കവരുകയായിരുന്നു. സംഘത്തിലെ പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ട് ഗാന്ധിനഗർ 17ൽ ഷഹനാസ് (25), പള്ളിത്തോട്ടം ഗാന്ധിനഗർ 4ൽ നാദിർഷ (25), ഗാന്ധിനഗർ 39ൽ മൻസൂർ (23), ഗാന്ധിനഗർ 17-ൽ ഷുഹൈബ് (22) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാക്കിയുള്ളവരെ പിടികൂടുന്നത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. വ്യാപാരികളോട് ജി.എസ്.ടി ബില്ലുകൾ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു.
കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ദിൽജിത്ത്, ദിപിൻ, എ.എസ്.ഐമാരായ നിസാമുദ്ദീൻ, സജീല, സി.പി.ഒമാരായ അനു, ഷെഫീക്ക്, ശ്രീഹരി, എം.അനീഷ്, ഷൈജു.ബി.രാജ്, അജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.