photo
കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ അറ്റകുറ്റ പണികൾ നടത്തി റോഡ് സഞ്ചാര യോഗ്യമാക്കി മാറ്റണമന്ന് ആവശ്യപ്പെട്ട് ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസിന്റെ നേതൃത്വത്തിൽ പുനലൂരിൽ എൻ.എച്ച് ഓഫീസ് ഉപരോധിക്കുന്നു

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാത കടന്ന് പോകുന്ന പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള റോഡിൽ രൂപപ്പെട്ട കുഴികൾ അടച്ച് നവീകരണ ജോലികൾ നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ആര്യങ്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂരിലെ ദേശീയ പാത വിഭാഗം ഓഫീസ് നേതാക്കളും പ്രവർത്തകരും ചേർന്ന് ഉപരോധിച്ചു. ഇന്നലെ രവിലെ 10.30ഓടെയായിരുന്നു ഉപരോധ സമരം നടന്നത്. ദേശീയ പാതയോരങ്ങളിലെ കാടുകൾ നീക്കണം ചെയ്യുക,ആര്യങ്കാവ് മുരുകൻ പാഞ്ചാലിയിലെ തകർന്ന പലം നവീകരിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. എൻ.എച്ച്. അസി.എക്സിക്യൂട്ടീവ് എൻജിനിയർ രാഹുലുമായി സമരം ഉദ്ഘാടനം ചെയ്ത ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.ഇ.സ‌ഞ്ജയ് ഖാനും സമരത്തിന് നേതൃത്വം നൽകിയ ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസും ചേർന്ന് നടത്തിയ ചർച്ചയെ തുടർന്ന് റോഡിന്റെ എസ്റ്റിമേറ്റ് എടുത്ത് ഉടൻ അറ്റകുറ്റ പണികൾ ആരംഭിക്കുമെന്ന ഉറപ്പിൻ മേൽ സമരം അവസാനിപ്പിച്ചു.കോൺഗ്രസ് ആര്യങ്കാവ് മണ്ഡലം പ്രസിഡന്റ് മനോജ് വിക്രമൻ,ഗ്രാമ പഞ്ചായത്ത് അംഗം ജസീന്ത റോയ്, നേതാക്കളായ തോമസ് മൈക്കിൾ, അഡ്വ.ജോർജ്ജ് കുട്ടി,റോയ് ജോസഫ്,അജോ ആര്യങ്കാവ്, ജോസഫ് തുടങ്ങിയ നിരവധിപേർ സമരത്തിൽ പങ്കെടുത്തു.