കൊല്ലം∙ കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസ് വിചാരണയുടെ ഭാഗമായുള്ള പ്രതികളുടെ മൊഴിയെടുപ്പ് മൂന്നര മണിക്കൂർ നീണ്ടു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി.ഗോപകുമാർ മുമ്പാകെ കേസിലെ പ്രതികളായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരും തമിഴ്നാട് സ്വദേശികളുമായ അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

തങ്ങൾ എൻ.ഐ.എ കസ്റ്റഡിയിലായിക്കെയാണ് കൊലത്ത് സ്ഫോടനമെന്നതിന്റെ രേഖയും ആന്ധാപ്രദേശിലെ ചിറ്റൂരിൽ സമാനമായ കേസിൽ തങ്ങളെ വിട്ടയച്ചതിന്റെ വിധിപ്പകർപ്പും പ്രതികൾ കോടതിയിൽ സമർപ്പിച്ചു. 21വിചാരണ തുടരും. അന്നേ ദിവസം പ്രതിഭാഗത്തിന് ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. സാക്ഷിമൊഴി അടങ്ങുന്ന ഏകദേശം 50 പേജ് പ്രതികളെ വായിച്ചു കേൾപ്പിച്ചു. എല്ലാ സാക്ഷികളുടെയും മൊഴികൾക്ക് അറിയില്ല എന്നായിരുന്നു നാലു പ്രതികളുടെയും മറുപടി. വൈകിട്ട് അഞ്ചരയോടെയാണ് മൊഴിയെടുക്കൽ പൂർത്തിയായത്.

2016 ജൂൺ 15ന് രാവിലെ 10.45നാണ് കളക്ടറേറ്റ് വളപ്പിലെ മുൻസിഫ് കോടതിക്ക് മുമ്പിൽ കിടന്നിരുന്ന ജീപ്പിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പൊതുപ്രവർത്തകനായ സാബുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മൈസൂർ കോടതി വളപ്പിലെ സ്ഫോടനക്കേസിലെ അന്വേഷത്തിലാണ് ബേസ് മൂവ്മെന്റ് പ്രവർത്തകരാണ് കൊല്ലത്തെ സ്ഫോടനത്തിലുമെന്ന് സ്ഥിരീകരിച്ചത്. കേസിൽ അഞ്ചാം പ്രതിയായ മുഹമ്മദ് അയൂബിനെ മാപ്പ് സാക്ഷിയായാണ് വിസ്തരിച്ചത്.