പത്തനാപുരം: ജർമ്മൻ സാങ്കേതിക വിദ്യ പ്രകാരം നിർമ്മാണം തുടങ്ങിയ പള്ളിമുക്ക് - അലിമുക്ക് റോഡ‌് കാൽനടക്കാർക്ക് പോലും ആശ്രയിക്കാൻ കഴിയാതായി. പത്തനംതിട്ട - കൊല്ലം അതിർത്തിയിലെ ഏനാത്ത് നിന്ന് ആരംഭിക്കുന്ന റോഡ‌ിന്റെ നവീകരണം ഏകദേശം ഒരു വർഷം മുമ്പ് ആരംഭിച്ചെങ്കിലും കരാറുകാരൻ പണി പാതി വഴിയിൽ ഉപേക്ഷിച്ചതോടെ വാഹന യാത്രികരും നാട്ടുകാരും ഒരു പോലെ ബുദ്ധിമുട്ടിലായി.

ദുരിത യാത്ര

വേനൽക്കാലത്ത് പൊടിശല്ല്യം കൊണ്ടു പൊറുതിമുട്ടിയ നാട്ടുകാ‌ർ മഴക്കാലമായതോടെ ചെളിയിൽ കുഴഞ്ഞ പാതയിലൂടെ ദുരിത യാത്ര തുടരുന്നു..പുന്നല , കറവൂർ ഭാഗങ്ങളിൽ റോഡ് ഉയരം കൂട്ടുന്നതിന്റെ ഭാഗമായി കലുങ്കുകൾ പൊളിച്ചു മാറ്റിയത് കാരണം മഴക്കാലത്ത് ഒഴുക്ക് നിലച്ചു. ഏകദേശം 16 കീലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ ചാച്ചിപുന്ന മുതലുള്ള കറവൂർ, പുന്നല ഭാഗത്തേക്കുള്ള 12 കിലോമീറ്ററോളം പാത ഏറെ ദുഷ്‌കരമാണ്.

16 കീലോമീറ്റർ റോഡ്

12 കി.മി റോഡ് നാശത്തിൽ

മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.ബി.ഗണേശ് കുമാർ പ്രഖ്യാപിച്ചിരുന്നു . ഇപ്പോൾ ഒരു വർഷം പിന്നിട്ടുന്നു .മന്ത്രിയുടെ ഉന്നതമായ വികസന സ്വപ്‌നങ്ങൾക്കൊപ്പം കാര്യങ്ങൾക്ക് വേഗതയില്ല. കലുങ്കുകൾ പലത് പൊളിച്ചെങ്കിലും ചിലത് മാത്രമെ പുതുക്കി പണിയാൻ കഴിഞ്ഞുള്ളു.

കെ. മധു

കേരളകൗമുദി കുറവൂർ യുവദീപ്‌‌തി

ഏജന്റ്

റോഡിന്റെ ശോച്യാവസ്ഥ സാമൂഹ്യ പ്രശ്‌നമായി മാറുന്നു. കച്ചവട സ്ഥാപനങ്ങൾ തുറന്ന് വെക്കാൻ പോലും കഴിയുന്നില്ല.

മനോജ് മുമൂല

വ്യാപാരി വ്യവസായി ഏകോപന സമിതി

പുന്നല യൂണിറ്റ് അംഗം

കിഫ്‌ബി ഫണ്ടുപയോഗിച്ചാണ് പണി നടക്കുന്നത്. കിഫ്‌ബി സ്‌റ്റാൻഡേഡ് പ്രകാരമുള്ള ഡിസൈനാണ്. കരാറുകാരന് വ്യക്തിപരമായ ചില അസൗകര്യങ്ങളുണ്ടായി. എന്നാൽ പ്രശ്‌നങ്ങൾ കരാറുമായി കൂട്ടികുഴക്കില്ലെന്ന് ഉറപ്പാക്കി.കരാർ പ്രകാരമുള്ള ബില്ലുകൾക്ക് തടസമില്ല.പണി നിറുത്തി കരാറുകാരൻ പോയെന്ന പ്രചാരണം ശരിയല്ല.

കിഫ്‌ബി അധികൃതർ