ns
തോപ്പിൽ മുക്ക്

അപകട സാദ്ധ്യതയേറെ

ശാസ്താംകോട്ട: ചവറ -ശാസ്താംകോട്ട റോഡിൽ കോവൂർ തോപ്പിൽ മുക്കിൽ ഗതാഗത നിയന്ത്രണത്തിന് ഗാർഡുമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തേവലക്കര ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ ,കോവൂർ യു.പി.എസ്, കോവൂർ എൽ.പി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലേക്ക് എത്തുന്ന ആയിരത്തിലധികം വിദ്യാർത്ഥികളും അദ്ധ്യാപകരും ബസിറങ്ങുന്ന പ്രധാന ജംഗ്ഷനാണ് തോപ്പിൽ മുക്ക്. വിദ്യാർത്ഥികൾ റോഡു മുറിച്ചു കടക്കുന്ന സമയത്ത് അപകട സാദ്ധ്യത ഏറെയാണ്. ചില ദിവസങ്ങളിൽ സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരാണ് വിദ്യാർത്ഥികളെ സഹായിക്കുന്നത്. കാൽനടയായും സൈക്കിളിലും വിദ്യാർത്ഥികൾ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന തോപ്പിൽ മുക്കിൽ തലനാഴിരയ്ക്കാണ് മിക്കപ്പോഴും അപകടം ഒഴിവാകുന്നത്.

മുന്നറിയിപ്പ് ബോർഡില്ല

തിരക്കേറിയ ശാസ്താംകോട്ട - ചവറ റോഡിൽ വളവിലാണ് തോപ്പിൽ മുക്കിൽ ബസ് സ്റ്റോപ്പുള്ളത്. നിറുത്തിയ ബസിന്റെ മുൻവശത്തുകൂടിയും പിറകു വശത്തുകൂടിയും വിദ്യാർത്ഥികൾ റോഡു മുറിച്ചു കടക്കുന്നതും അപകട ഭീഷണി ഉയർത്തുന്നു. പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതിനാൽ അമിത വേഗത്തിലാണ് വാഹനങ്ങളും കടന്നു പോകുന്നത്.

പൊലീസിനെ നിയമിക്കണം

തേവലക്കര, മൈനാഗപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തിയായ തോപ്പിൽ മുക്ക് ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയാണ് സ്കൂൾ അധികൃതർ തോപ്പിൽ മുക്കിലെ തിരക്ക് നിയന്ത്രിക്കുന്നത്. തിരക്കേറിയ രാവിലെയും വൈകിട്ടും തോപ്പിൽ മുക്കിൽ ഗതാഗത നിയന്ത്രണത്തിന് ഗാർഡുമാരെയോ പൊലീസിനെയോ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.