water

കൊല്ലം: അഷ്ടമുടി കായൽ, ദേശീയജലപാത എന്നിവയെ ബന്ധിപ്പിച്ച് ലക്ഷ്യമിടുന്ന വാട്ടർ മെട്രോ സർവീസ് യാഥാർത്ഥ്യമാക്കാൻ ആവശ്യമായ ആകെ ചെലവും പ്രതീക്ഷിക്കുന്ന വരുമാനവും സംബന്ധിച്ച് നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ വൈകാതെ സാമ്പത്തിക പഠനം ആരംഭിക്കും.

നാറ്റ്പാക് തയ്യാറാക്കിയ പ്രാഥമിക സാദ്ധ്യതാ പഠന റിപ്പോർട്ട് പരിശോധിച്ച ശേഷം കൊച്ചിൻ വാട്ടർ മെട്രോ അധികൃതർ നൽകിയ നിർദ്ദേശ പ്രകാരമാണ് പഠനം. കൊല്ലം കോർപ്പറേഷന്റെ നിർദ്ദേശ പ്രകാരമാണ് നാറ്റ്പാക് കൊല്ലം വാട്ടർ മെട്രോയുടെ സാദ്ധ്യതാ പഠനം നടത്തുന്നത്. എന്നാൽ പദ്ധതി യാഥാർത്ഥ്യമാകണമെങ്കിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള പണമോ മറ്റേതെങ്കിലും ഏജൻസികളിൽ നിന്നുള്ള വായ്പയോ വേണ്ടിവരും. അതിനായി സമർപ്പിക്കുന്നതിനാണ് സാമ്പത്തിക പഠനം നടത്തുന്നത്.

വാട്ടർ മെട്രോയ്ക്കായി സജ്ജമാക്കേണ്ടി വരുന്ന ടെർമിനൽ, ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലം, സുഗമമായ യാത്രയ്ക്ക് അഷ്ടമുടി കായലിൽ ഡ്രഡ്ജിംഗ്, സർവീസിന് ഉപയോഗിക്കുന്ന യാനത്തിനുള്ള പണം തുടങ്ങിയവ സഹിതമുള്ള ചെലവാണ് കണക്കാക്കുന്നത്. സർവീസ് ആരംഭിച്ചാൽ ലഭിക്കാവുന്ന വരുമാനവും കണക്കാക്കും.

പ്രതീക്ഷിക്കുന്നത് 6000 യാത്രക്കാരെ

 വിനോദസഞ്ചാരം, കണക്ടിംഗ് സർവീസുകൾ അടക്കം എല്ലാ സാഹചര്യങ്ങളും അനുകൂലമായാൽ കൊല്ലം- മൺറോത്തുരുത്ത്, കൊല്ലം- കുണ്ടറ, കൊല്ല- കുണ്ടറ- ചവറ എന്നീ മൂന്ന് റൂട്ടുകളിൽ പ്രതിദിനം ആറായിരം യാത്രക്കാരെ ലഭിക്കുമെന്നാണ് പ്രാഥമിക കണക്ക്

 എന്നാൽ ജലഗതാഗത വകുപ്പിന്റെ കണക്ക് പ്രകാരം ഒരു ദിവസം വിനോദ സഞ്ചാരികളടക്കം എണ്ണൂറോളം പേർ മാത്രമേ ജലഗതാഗതത്തെ ആശ്രയിക്കുന്നുള്ളു

 വാട്ടർ മെട്രോ ആരംഭിക്കുമ്പോൾ കൂടുതൽ യാത്രക്കാർ ആശ്രയിക്കുമെന്നാണ് പ്രതീക്ഷ

 കൂടുതൽ യാത്രക്കാരെ ലഭിക്കാൻ സാദ്ധ്യതയുള്ള കൊല്ലം - മൺറോത്തുരുത്ത് റൂട്ടിൽ ആദ്യം സർവീസ് ആരംഭിക്കണമെന്നാണ് നാറ്റ്പാക്കിന്റെ റിപ്പോർട്ട്.

പരിഗണനയിൽ 3 റൂട്ടുകൾ

കൊല്ലം ബോട്ട് ജെട്ടി- മൺറോത്തുരുത്ത്
കൊല്ലം ബോട്ട് ജെട്ടി- കുണ്ടറ

കുണ്ടറ- കൊല്ലം വഴി ചവറ

പ്ലാനിംഗ് ബോർഡിന്റെ അനുമതി വാങ്ങിയ ശേഷം കൊല്ലം വാട്ടർ മെട്രോയുടെ സാമ്പത്തിക പഠനം ആരംഭിക്കും.

നാറ്റ്പാക് അധികൃതർ