കൊല്ലം: കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിജിലൻസ് കേസുകൾ കൈകാര്യം ചെയ്യാൻ കൊല്ലം ഹെഡ് ക്വാർട്ടേഴ്‌സായി വിജിലൻസ് കോടതി സ്ഥാപിക്കാനുള്ള ഉത്തരവ് അട്ടിമറിക്കാനും കോടതിയുടെ പ്രവർത്തനം കൊട്ടാരക്കരയിലേക്ക് മാറ്റാനുമുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യമന്ത്രി,​ നിയമവകുപ്പ് മന്ത്രി,​ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി,​ ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവരോട് ആവശ്യപ്പെട്ടു.

അനുയോജ്യമായ സ്ഥലമായതിനാലാണ് പഠനത്തിനും പരിശോധനകൾക്കും ശേഷം കൊല്ലം കേന്ദ്രീകരിച്ച് വിജിലൻസ് കോടതി ആരംഭിക്കാൻ ഉത്തരവുണ്ടായത്. വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻ ബ്യൂറോയുടെ കൊല്ലം യൂണിറ്റ് സ്ഥിതി ചെയ്യുന്നത് കൊല്ലം കാങ്കത്ത് മുക്കിലാണ്. ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ഭൂരിപക്ഷവും കൊല്ലം കേന്ദ്രീകരിച്ചാണ്. ജില്ലയുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകളിൽ ഹാജരാകുന്നവരിൽ കൂടുതലും കൊല്ലം ബാറിലെ അഭിഭാഷകരുമാണ്.

പ്രാദേശിക താത്പര്യങ്ങൾ കൊണ്ട് കൊല്ലത്ത് സ്ഥാപിക്കാൻ ഉത്തരവായ വിജിലൻസ് കോടതി കൊട്ടാരക്കരയിലേക്ക് മാറ്റാനുള്ള നീക്കം നടന്നുവരികയാണെന്നും കോടതി മാറ്റിയാൽ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാകാമെന്നും എം.പി ചൂണ്ടിക്കാണിച്ചു.