അപകട സാദ്ധ്യത അവഗണിച്ച് അധികൃതർ
കൊല്ലം: നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ചിന്നക്കട മേൽപ്പാലത്തിലെ കുഴികൾ യാത്രികരുടെ ജീവനു ഭീഷണിയായിട്ടും പരിഹരിക്കാൻ മെനക്കെടാാതെ അധികൃതർ. കഴിഞ്ഞ തിങ്കളാഴ്ച മേൽപ്പാലത്തിലെ ഇറക്കത്തിൽ സൂപ്പർഫാസ്റ്റ് ഇടിച്ച് കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥ ദാരുണമായി മരിച്ച സംഭവമുണ്ടായിട്ടും, ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് ഉത്തരവാദപ്പെട്ടവർ എന്ന് നഗരവാസികൾ ആരോപിക്കുന്നു.
നിത്യേന നൂറ് കണക്കിന് വാഹനങ്ങളാണ് മേൽപ്പാലത്തിലൂടെ കടന്നുപോകുന്നത്. പാലം തുടങ്ങുന്നിടത്ത് നിന്ന് 100 മീറ്റർ മുന്നിലായിറോഡിന്റെ മദ്ധ്യത്തിൽ രണ്ട് വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. റെയിൽവേ സ്‌റ്റേഷനിൽ നിന്നും കൊട്ടിയത്ത് നിന്നുമുള്ള സ്വകാര്യ ബസുകൾ അടക്കമുള്ള വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്. കുഴി റോഡിന്റെ മദ്ധ്യ ഭാഗത്തായതിനാൽ അടുത്തെത്തുമ്പോൾ വാഹനങ്ങൾ പൊടുന്നനെ ബ്രേക്ക് ചെയ്യേണ്ട സാഹചര്യമുണ്ടാവും. ഈ സമയം പിന്നാലെയെത്തുന്നവ ഇടിക്കുന്നതും പതിവാണ്.
പൊതുമരാമത്ത് വകുപ്പാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്. കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥ സ്മിതയുടെ മരണം സംഭവിച്ച സ്ഥലത്തിനു സമീപത്താണ് നിലവിലെ അപകടക്കുഴികൾ. ഇരുചക്ര വാഹന യാത്രക്കാർക്കാണ് ഈ കുഴി ഭീഷണിയായിരിക്കുന്നത്, പ്രത്യേകിച്ചും രാത്രിയിൽ. ബസുകളും ലോറികളും ഉൾപ്പെടെ വലിയ വാഹനങ്ങൾ തുടർച്ചയായി പോകുന്നതിനാൽ കുഴിയുടെ വ്യാസം ദിവസേന കൂടുന്നുണ്ട്.
വെളിച്ചമില്ലാത്ത വിളക്കുകൾ
പാലത്തിൽ വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മതിയായ വെളിച്ചമില്ല. രാത്രിയിൽ പാലത്തിലൂടെ വരുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടില്ലെങ്കിൽ ഭാഗ്യമെന്നേ പറയാനാവൂ! അമിത വേഗത്തിലാണ് ഒട്ടുമിക്ക വാഹനങ്ങളും രാപ്പകൽ ഭേദമില്ലാതെ പാലമിറങ്ങി ചിന്നക്കടയിലേക്ക് വരുന്നത്. ഇവിടെ പാലത്തിന് മുന്നിലൂടെ ആളുകൾ റോഡ് മുറിച്ച് കടക്കുന്നതും പതിവാണ്. ഇവരെ സഹായിക്കാൻ പൊലീസുമില്ല. എത്രയും വേഗം മേൽപ്പാലത്തിലെ കുഴികൾ അടച്ചില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാം.