കൊല്ലം: ഗർഭിണി പശുവിനെ മോഷ്‌ടിക്കാനുള്ള ശ്രമം വിഫലമായതോടെ വഴിയിൽ ഉപേക്ഷിച്ച് കടന്നു. കാവനാട് കന്നിമേൽചേരി എ.എ നിവാസിൽ കേരളകൗമുദി ഏജന്റായ ഗോപാലക‌ഷ്‌ണന്റെ മകൻ അരുൺകൃഷ്‌ണൻ വളർത്തുന്ന അഞ്ച് പശുക്കളിൽ ഒന്നിനെയാണ് ഇന്നലെ പുലർച്ചെ മോഷ്‌ടിക്കാൻ ശ്രമിച്ചത്.

പുലർച്ചെ 5ന് വീട്ടുകാർ ഉണർന്നപ്പോൾ കുറച്ചകലെ ആൾപാർപ്പില്ലാത്ത പറമ്പിൽ നിന്ന് പശുവിനെ കണ്ടെത്തുകയായിരുന്നു. ശക്തികുളങ്ങര പൊലീസിൽ പരാതി നൽകി. സമീപത്തെ വീട്ടിലെ സുരക്ഷാ കാമറ പരിശോധിച്ചപ്പോൾ പുലർച്ചെ 3.20ന് ഒരാൾ പശുവിനെ കയറിൽ വലിച്ച് കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. വാഹനത്തിൽ ബലമായി കയറ്റാൻ ശ്രമിക്കുന്നതിനിടെ ഉപദ്രവിച്ച ലക്ഷണങ്ങളും പ്രകടമാണ്. ചുറ്റുമതിൽ ഇല്ലാത്ത വീട്ടിൽ അഞ്ച് പശുക്കളെയാണ് വളർത്തിയിരുന്നത്.