 
കരുനാഗപ്പള്ളി: ദുരന്ത മേഖലയിൽ താമസിക്കുന്ന ആലപ്പാട്ടുകാർക്ക് ഒരു രക്ഷകനെത്തി. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അഴീക്കൽ ഗവ.ഹൈസ്കൂളിൽ സ്ഥാപിച്ച കവചമാണ് ഇനി മുതൽ നാട്ടുകാർക്ക് തുണയാകുന്നത്. തീരദേശ മേഖലയിൽ എപ്പോഴും ദുരന്തങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. ദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ കഴിയാത്തതിനാൽ ജീവഹാനി വരെ സംഭവിക്കാറുണ്ട്. സുനാമിയിൽ അതാണ് സംഭവിച്ചത്. അതിന് പരിഹാരം എന്ന നിലയ്ക്കാണ് ദുരന്ത നിവാരണ അതോറിട്ടി കവചം സ്ഥാപിച്ചത്.
ഒരു ദിവസം മുന്നേ സൈറൺ മുഴക്കും
കാലാവസ്ഥ വ്യാതിയാനം കാരണം തീവ്രമായ ദുരന്തങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെങ്കിൽ പൊതു ജനങ്ങളെ മുൻകൂട്ടി അറിയിക്കാൻ കവചത്തിന് കഴിയും. ദുരന്തം സംഭവിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ സൈറൺ മുഴക്കും. രണ്ട് കിലോമീറ്റർ ചുറ്റളവിൽ സൈറന്റെ ശബ്ദം കേൾക്കാൻ കഴിയും. ഇതേ തുടർന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും ജീവഹാനി ഒഴിവാക്കാനും ബന്ധപ്പെട്ടവർക്ക് കഴിയും. സംസ്ഥാനത്തെ ദുരന്ത നിവാരണ ഓഫീസിൽ ഇരുന്നുകൊണ്ട് കവചത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കഴിയും. ജില്ലാ - താലൂക്ക് ആസ്ഥാനങ്ങളിൽ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനം താമസിക്കാതെ ആരംഭിക്കും. അതോടെ താലൂക്ക് ആസ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് കവചത്തെ നിയന്ത്രിക്കാനാകും.
2020 ൽ ആരംഭിച്ച പദ്ധതി
കേരളത്തിൽ 126 സ്ഥലങ്ങളിൽ
ഗ്രീക്കിൽ നിർമ്മിച്ച 26 കവചത്തിന് 78 കോടി
86 കവചത്തിന്റെ പരീക്ഷണങ്ങൾ നടന്നു
പരീക്ഷണം വിജയകരം 
ഓഖി ദുരന്തത്തിന് ശേഷമാണ് പുതിയ ദുരന്ത നിവാരണ മാർഗങ്ങൾ കണ്ടെത്താൻ അതോറിട്ടിയെ പ്രേരിപ്പിച്ചത്. 2020ൽ ആണ് കവചം പദ്ധതിക്ക് തുടക്കം കുറിച്ചത്. കൊവിഡിനെ തുടർന്ന് ഒരു വർഷം പദ്ധതിയുടെ പ്രവർത്തനങ്ങൾ നിറുത്തി വെയ്ക്കേണ്ടി വന്നു. 2022ൽ പദ്ധതി പുനരാരംഭിച്ചു. കേരളത്തിൽ 126 സ്ഥലങ്ങളിലാണ് കവചം സ്ഥാപിച്ചത്. ജനസംഖ്യ കൂടുതലുള്ള സ്ഥലങ്ങളിൽ ഒന്നിലധികം കവചങ്ങൾ സ്ഥാപിക്കും. അഴീക്കൽ ഉൾപ്പെടെ സ്ഥാപിച്ച 86 കവചത്തിന്റെ പരീക്ഷണങ്ങൾ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തീകരിച്ചു.
ബി.എസ്.എൻ.എൽ അമിത വാടക ഈടാക്കി
കവചങ്ങൾ ബി.എസ്.എൻ.എല്ലിന്റെ ടൗവറുകളിലാണ് ആദ്യം സ്ഥാപിച്ചത്. ബി.എസ്.എൻ.എൽ അധികൃതർ അമിത വാടക ആവശ്യപ്പെട്ടതിനാൽ ദുരന്ത നിവാരണ അതോറിട്ടി ടൗവറുകളിൽ സ്ഥാപിച്ച കവചങ്ങൾ ഇളക്കി മാറ്റി സർക്കാർ സ്ഥാപനങ്ങളുടെ മുകളിൽ സ്ഥാപിക്കുകയാണ്. സി.എം.എസ് എന്ന കമ്പനിയാണ് കവചങ്ങൾ സ്ഥാപിക്കുന്നത്.