കൊല്ലം: തുല്യനീതിക്കായി ശബ്ദമുയർത്തിയതിന്റെ പേരിൽ ചില സമുദായ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒറ്രതിരിഞ്ഞ് ആക്രമിക്കുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് യോഗം കൊല്ലം, കൊട്ടാരക്കര, ചാത്തന്നൂർ യൂണിയനുകൾ. മൂന്ന് യൂണിയനുകളിലും കൗൺസിൽ യോഗങ്ങൾ ചേർന്ന് വെള്ളാപ്പള്ളി നടേശന് നേരെയുള്ള ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്നും പ്രഖ്യാപിച്ചു.
ശക്തമായി പ്രതിരോധിക്കുമെന്ന് ചാത്തന്നൂർ യൂണിയൻ
സാമൂഹ്യനീതിക്കായി പോരാടുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരെ ചില കേന്ദ്രങ്ങൾ സംഘടിതമായി അഴിച്ചുവിടുന്ന ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് യോഗം ചാത്തന്നൂർ യൂണിയൻ കൗൺസിൽ യോഗം പ്രഖ്യാപിച്ചു.
കേരളത്തിലെ ഇടത്, വലത് മുന്നണികൾ തുടർച്ചയായി നടത്തുന്ന വർഗീയ പ്രീണനനയം മൂലം സാമൂഹിക നീതി ഇല്ലാതായി. ഈ യാഥാർത്ഥ്യമാണ് യോഗം ജനറൽ സെക്രട്ടറി പരസ്യമായി പറഞ്ഞത്. വസ്തുതകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ പറയുമ്പോൾ അസ്വസ്ഥമായിട്ട് കാര്യമില്ല. ഇതുവരെ സംസ്ഥാനം ഭരിച്ചവർ എടുത്തിട്ടുള്ള ഇത്തരം നിലപാടുകൾ മൂലം നീതി നിഷേധിക്കപ്പെട്ടത് പാവപ്പെട്ടവർക്കും സാധാരണക്കാർക്കുമാണെന്നും കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഡി.സജീവ്, സെക്രട്ടറി കെ.വിജയകുമാർ, കൗൺസിൽ അംഗങ്ങളായ കെ.നടരാജൻ, പി.സോമരാജൻ, കെ.സുജയ്‌കുമാർ, വി. പ്രശാന്ത്, ആർ.ഗാന്ധി, ആർ.ഷാജി, കെ.ചിത്രംഗതൻ എന്നിവർ സംസാരിച്ചു.
വെള്ളാപ്പള്ളിക്കെതിരായ നീക്കത്തെ
ചെറുക്കും: കൊട്ടാരക്കര യൂണിയൻ
സത്യം വിളിച്ചുപറയുന്നതിന്റെ പേരിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരെ നടക്കുന്ന സംഘടിത നീക്കങ്ങളെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് യോഗം കൊട്ടാരക്കര യൂണിയൻ കൗൺസിൽ യോഗം വ്യക്തമാക്കി.
സംഘടിത വോട്ട് ബാങ്കുകളെ പ്രീതിപ്പെടുത്താൻ സാമൂഹ്യനീതി ബലികഴിക്കപ്പെടുന്നതാണ് വെള്ളാപ്പള്ളി നടേശൻ ഉച്ചത്തിൽ പറഞ്ഞത്. രാജ്യസഭയിൽ മൂന്ന് ഒഴിവ് വരുമ്പോൾ മൂന്നും ന്യൂനപക്ഷങ്ങൾക്ക് നൽകുന്നത് ശരിയല്ലെന്ന് പറയുവാനുള്ള ആർജ്ജവം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിക്ക് മാത്രമേയുള്ളു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ ഈഴവരാദി പിന്നാക്കക്കാരും പട്ടികജാതി പട്ടികവർഗക്കാരുമായിരുന്നു. ഇത് മറന്നുള്ള മുസ്ലീം പ്രീണനമാണ് ലോക് സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടിയും ബി.ജെ.പിക്ക് വളർച്ചയും സമ്മാനിച്ചത്. ഈ യാഥാർത്ഥ്യം വിളിച്ചുപറഞ്ഞ വെള്ളാപ്പള്ളിയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നത് ഖേദകരമാണെന്ന് കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. എം.എൻ.നടരാജൻ, യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ, യോഗം ബോർഡ് മെമ്പർമാരായ ജി.വിശ്വംഭരൻ, അഡ്വ. സജീവ് ബാബു, അഡ്വ. എൻ.രവീന്ദ്രൻ, അനിൽ ആനക്കോട്ടൂർ തുടങ്ങിയവർ സംസാരിച്ചു.
തുല്യനീതിയുടെ പടനായകന് ഉരുക്കുകവചം
തീർക്കും: കൊല്ലം യൂണിയൻ
തുല്യ നീതിയുടെ പടനായകനാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെന്നും അദ്ദേഹത്തിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ ഉരുക്കുകവചം തീർത്ത് പ്രതിരോധിക്കുമെന്നും യോഗം കൊല്ലം യൂണിയൻ കൗൺസിൽ യോഗം വ്യക്തമാക്കി.
സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിൽ വെള്ളാപ്പളളി നടേശനെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് കാടത്ത സംസ്കാരമാണ്. കേരളത്തിലെ ഈഴവ സമുദായ അംഗങ്ങൾ ഒറ്റെക്കെട്ടായി ഇതിനെ ചെറുക്കും. എൽ.ഡി.എഫ് സർക്കാർ മുസ്ലിം സമുദായത്തിന് അനർഹമായ ആനുകൂല്യങ്ങൾ വാരിക്കോരി നൽകുമ്പോൾ മറ്റ് സമുദായങ്ങൾക്ക് അർഹമായത് നഷ്ടമാകുന്നു. അർഹതപ്പെട്ടത് പലതും നഷ്ടപ്പെടുന്നതിലുള്ള പ്രതിഷേധം മാത്രമാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഈഴവ സമുദായം വോട്ടുകുത്തികളായി തഴയപ്പെടുകയാണ്. നിയമസഭയിലും തദ്ദേശസ്ഥാപനങ്ങളിലും സർക്കാർ ഉദ്യോഗങ്ങളിലും അവഗണന പ്രകടമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും ഇതിന് തെളിവാണെന്നും കൗൺസിൽ യോഗം വ്യക്തമാക്കി.
കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം ബോർഡ് മെമ്പർ ആനേപ്പിൽ എ.ഡി.രമേഷ്, കൗൺസിലർമാരായ നേതാജി ബി.രാജേന്ദ്രൻ, ബി.വിജയകുമാർ, പുണർതം പ്രദീപ്, ബി.പ്രതാപൻ, ഷാജി ദിവാകർ, എം.സജീവ്, അഡ്വ. കെ.ധർമ്മരാജൻ, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ്.ഷേണാജി, ഇരവിപുരം സജീവൻ, ജി.രാജ്മോഹൻ, വനിത സംഘം പ്രസിഡന്റ് ഡോ.എസ്.സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, സെക്രട്ടറി ബി.പ്രതാപൻ എന്നിവർ സംസാരിച്ചു.