ചാത്തന്നൂർ: കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്ര സന്നിധിയിൽ കേരളീയ വാസ്തുശാസ്ത്ര വിധിപ്രകാരം കൃഷ്ണശിലയിലും തടിയിലും നിർമ്മിച്ച് ചെമ്പോല പാകിയ ശ്രീ മഹാദേവന്റെ ശ്രീകോവിലും നമസ്കാര മണ്ഡപവും ഭക്തർക്ക് സമർപ്പിച്ചു. ക്ഷേത്രംതന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് ദാമോദരൻ നമ്പൂതിരി പ്രതിഷ്ഠ നിർവഹിച്ചു. മുൻമന്ത്രി മുല്ലക്കര രത്നാകരൻ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രശിൽപ്പി പാമ്പാക്കുട കെ.കെ.ശിവൻ ആചാരിയെ അദ്ദേഹം ആദരിച്ചു. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ശാന്തിനി അദ്ധ്യക്ഷത വഹിച്ചു. ഡോ.തോട്ടം ഭുവനചന്ദ്രൻനായർ, ബൈജു ലക്ഷ്മണൻ, ഡി.സുഭദ്രാമ്മ, ഉഷാകുമാരി എന്നിവർ സംസാരിച്ചു. ക്ഷേത്രയോഗം ട്രസ്റ്റ് സെക്രട്ടറി എസ്. പ്രകാശൻ സ്വാഗതവും എസ്. അനിൽകുമാർ കടുക്കറ നന്ദിയും പറഞ്ഞു.