ഓയൂർ: ഇളമാട് വില്ലേജിൽ ഇലവിൻമൂട് ഐശ്വര്യ ഗ്രാനൈറ്റ്സിൽ നിന്ന് അമിത ഭാരം കയറ്റി വന്ന ലോറികളിലെ വലിയ പാറക്കല്ലുകൾ റോഡിൽ വീണതിൽ പ്രതിഷേധിച്ച് നാട്ടുകാർ വാഹനങ്ങൾ തടഞ്ഞു. സ്ഥലത്തെത്തിയ ചടയമംഗലം വെഹിക്കിൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആറ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
അമിതമായ അളവിൽ പാറ ഖനനം ചെയ്തതിന് വർഷങ്ങളായി അടഞ്ഞ് കിടന്ന ക്വാറികളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ടോട്ടൽ ലൈസേഷൻ അളവിന് കോടതി ഉത്തരവിട്ടിട്ടും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി പുതിയ പെർമിറ്റുകൾ അനുവദിച്ചു നൽകുന്നതായി ആരോപണമുണ്ട്. ലക്ഷക്കണക്കിന് മെട്രിക് ടൺ പാറകളാണ് കണക്കില്ലാതെ പൊട്ടിച്ചു കടത്തുന്നത്. കൂടാതെ ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ മണ്ണിട്ട് നികത്തി, പൊട്ടിച്ച പാറയുടെ അളവ് മനസിലാകാത്ത തരത്തിൽ ഖനനം ചെയ്ത സ്ഥലത്ത് രൂപ മാറ്റം വരുത്തുന്നുണ്ടെന്നതും രഹസ്യമല്ല. കാരാളികോണം വാർഡിൽ മാത്രം 200 ഏക്കറിന് മുകളിൽ ഭൂമി ഐശ്വര്യ ഗ്രാനൈറ്റ്സിന്റെ പേരിലുണ്ട്. അനധികൃത ഖനനത്തിനും വഴിയാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ഭീഷണിയാവും വിധം ലോറികളിൽ പാറക്കല്ലുകൾ കൊണ്ടുപോകുന്നതിനുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.