കൊല്ലം: സംസ്ഥാനത്തെ റേഷൻ വാതിൽപ്പടി കരാറുകാർ നടത്തുന്ന സമരം അടിയന്തരമായി പരിഹരിച്ച് റേഷൻ വിതരണം സുഗമമാക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സി. യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മിക്ക താലൂക്കുകളിലും എൻ.എഫ്.എസ്.എ ഡിപ്പോയിൽ നിന്നുള്ള ജൂൺ മാസത്തെ അരി വിതരണം നിലച്ചിരിക്കുകയാണ്. സമരം നീണ്ടാൽ റേഷൻ വിതരണം അവതാളത്തിലാകും. സർക്കാർ ഉടൻ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ റേഷൻ കടകൾ അടച്ചുപൂട്ടേണ്ടി വരുമെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് അഡ്വ. കൃഷ്ണപ്രസാദ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സുരേഷ് കാരേറ്റ്, ട്രഷറർ കുറ്റിയിൽ ശ്യാം, ഭാരവാഹികളായ ഉഴമലയ്ക്കൽ വേണുഗോപാൽ, എൻ.ഷിജീർ, കെ.വേണു, സോണി കൈതാരം, വിദ്യാധരൻ, മജീദ് റാവുത്തർ, ബഷീർ, ഹേമചന്ദ്രൻ, ഹരി വഴയില എന്നിവർ സംസാരിച്ചു.