കൊല്ലം: നാളുകൾ നീണ്ട പരാതികൾക്കൊടുവിൽ ചിന്നക്കടയിലും കൊല്ലം റെയിൽവേ സ്റ്റേഷനിലും പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ ആരംഭിച്ചെങ്കിലും, ചിന്നക്കടയിലെ കൗണ്ടറിനോട് യാത്രികർക്ക് അത്ര താത്പര്യം പോര. ഇക്കാരണത്താൽ സർവീസ് ചാർജ് ഇനത്തിലുള്ള 'വരുമാന'വും കുറഞ്ഞു. എന്നാൽ റെയിൽവേ സ്റ്റേഷനിലെ കൗണ്ടറിൽ മികച്ച പ്രതികരണമാണ് ഉണ്ടാവുന്നത്. ട്രാഫിക് പൊലീസിനാണ് രണ്ടിടത്തെയും നടത്തിപ്പ് ചുമതല.
ചിന്നക്കടയിലെ കൗണ്ടറിൽ സ്ളിപ്പ് വിതരണം ചെയ്യുന്നത് ട്രാഫിക്കിൽ നിന്നു നിയോഗിക്കുന്ന പൊലീസുകാരാണ്. റെയിൽവേ സ്റ്റേഷനിലാവട്ടെ, പ്രതിദിനം 400 രൂപ ശമ്പളത്തിൽ രണ്ട് ട്രാഫിക് വാർഡൻമാരും. 55 ഓട്ടോറിക്ഷകളുള്ള ചിന്നക്കടയിലെ പ്രീപെയ്ഡ് കൗണ്ടറിൽ പ്രതിദിനം 50 മുതൽ 70 വരെ ഓട്ടമാണ് പരമാവധി ലഭിക്കുന്നത്. ഒരു ഓട്ടത്തിന് ദൂരം അനുസരിച്ചുള്ള ഫെയറിന് പുറമെ 2 രൂപ സർവീസ് ചാർജ് ഈടാക്കും. ഈ സർവീസ് ചാർജാണ് കൗണ്ടറിന്റെ വരുമാനം. എല്ലാ ദിവസവും 70 ഓട്ടം കിട്ടിയാൽപ്പോലും മാസം 4200 രൂപയാണ് വരുമാനം. രണ്ടു രൂപ മാത്രമേ സർവീസ് ചാർജുള്ളൂ എങ്കിലും, കൂലിക്കു പുറമേ ഇതുകൂടി നൽകാനാവില്ലെന്ന കാരണത്താൽ ഈ കൗണ്ടറിലെ ഓട്ടോറിക്ഷകളെ തഴയുകയാണ് യാത്രക്കാർ. ഇതേസമയം, റെയിൽവേ സ്റ്റേഷൻ കൗണ്ടറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 120 ഓട്ടോറിക്ഷകൾക്ക് ദിവസം ശരാശരി 700 മുതൽ 750 വരെ ഓട്ടം ലഭിക്കുന്നുണ്ട്. 700 ഓട്ടം ലഭിച്ചാൽപ്പോലും മാസ വരുമാനം 42,000 രൂപയിലെത്തും.
ശമ്പളയിനത്തിൽ മാസം 24,000 രൂപയാണ് ചെലവ്. വൈദ്യുതി ബില്ല് 3,000 രൂപയോളം വരും. പ്രിന്റിംഗ് പേപ്പറിന്റെയും മറ്റ് അറ്റകുറ്റപ്പണികളുടെയും ചെലവുമുണ്ട്. നടത്തിപ്പ് ഇതുവരെ നഷ്ടത്തിലായിട്ടില്ല. യാത്രക്കാരെ ചില ഓട്ടോറിക്ഷ ഡ്രൈവർമാർ ചൂഷണം ചെയ്യുന്നതിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ട്രാഫിക് പൊലീസ് കൗണ്ടറുകൾ തുടങ്ങിയത്.
തുടങ്ങിയത് ഫെബ്രുവരിയിൽ
2023 ഒക്ടോബർ 6നാണ് തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചത്ൽ എന്നാൽ തുടങ്ങിയ ദിവസം തന്നെ കൂലിക്കുറവ് ചൂണ്ടിക്കാട്ടി ഓട്ടോ തൊഴിലാളികൾ സഹകരിച്ചില്ല. പ്രശ്നം പരിഹരിച്ച ശേഷം കഴിഞ്ഞ ഫെബ്രുവരി 20നാണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്. നിലവിൽ മറ്റ് തർക്കങ്ങൾ ഒന്നുമില്ല. പക്ഷേ, ചിന്നക്കയിൽ ഓട്ടം കുറയുന്നതാണ് പ്രതിസന്ധി.