കൊല്ലം: ഒരുകാലത്ത് നെല്ലും എള്ളും നിറഞ്ഞുനിന്നിരുന്ന കടവൂർ ഏലായും പരിസരവും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി. മദ്യക്കുപ്പികളും പ്ലാസിക് കുപ്പികളും കവറുകളുമൊക്കെ തള്ളുന്നത് പതിവാണ്. എന്നാാൽ അധികൃതർ ഇതൊന്നും അറിഞ്ഞമട്ടില്ല.
രാത്രികാലത്ത് ഈ ഭാഗത്ത് വെളിച്ചമില്ലാത്തതാണ് മാലിന്യ നിക്ഷേപകർക്ക് തുണയാകുന്നത്. തൃക്കടവൂർ മഹാദേവക്ഷേത്രത്തിന് കിഴക്കുവശത്തായി 2 ഹെക്ടറിലുള്ള സ്വകാര്യ വയലിലേക്കാണ് മാലിന്യം വലിച്ചെറിയുന്നത്. ഏലായ്ക്ക് മദ്ധ്യത്തിലൂടെ കടന്നുപോകുന്ന, ഇറിഗേഷൻ വകുപ്പിന്റെ ഓട ദ്രവിച്ച അവസ്ഥയിലാണ്. ഓടയുടെ അടിഭാഗത്ത് വിള്ളലുള്ളതിനാൽ മലിന ജലം മുഴുവൻ വയലിലേക്കാണ് ഒഴുകുന്നത്. സമീപ പ്രദേശത്തെ കക്കൂസ് മാലിന്യം ഉൾപ്പെടെ ഈ ഓടയിലേക്ക് ഒഴുക്കിവിടുന്നുവെന്നാണ് ആക്ഷേപം. മൈനർ ഇറിഗേഷൻ വിഭാഗമാണ് ഓടയുടെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതെന്ന് കോർപ്പറേഷൻ അധികൃതർ പറയുന്നു. മതിലിൽ ഡിവിഷനിലും കടവൂർ ഡിവിഷനിലുമായാണ് ഏല വ്യാപിച്ചിരിക്കുന്നത്.
കൃഷി ഉപേക്ഷിക്കാൻ കർഷകർ
കക്കൂസ് മാലിന്യം ഉൾപ്പെടെ നിറഞ്ഞ ഭൂമിയിൽ ഇത്തവണ കൃഷിയിറക്കില്ലെന്ന തീരുമാനത്തിലാണ് കർഷകർ. ഇതിനോടകം തന്നെ, മാലിന്യത്തിലും മറ്റും ചവിട്ടി അലർജി രോഗത്തിന്റെ പിടിയിലാണിവർ. ഇടവിളയായി എള്ളും പയറും കൃഷി ചെയ്തെങ്കിലും അഴുകിപ്പോയി. ഓടയുടെ ശോചനീയാവസ്ഥയും മാലിന്യം തള്ളുന്നതും പലതവണ കോർപ്പറേഷനിലും ഇറിഗേഷനിലും കളക്ടറേറ്റിലും ആരോഗ്യ വകുപ്പിലും അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. കൊതുകുശല്യവും രൂക്ഷമാണ്. എത്രയും വേഗം പരിഹാരമുണ്ടാവണമെന്നാണ് നാടിന്റെ ആവശ്യം.
ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഓടയിലൂടെയുള്ള ഒഴുക്ക് തടസപ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരം ഉണ്ടാക്കാമെന്ന് കരാർ കമ്പനി ഉറപ്പുനൽകിയിരുന്നതാണ്. ഓടയുടെ അറ്റകുറ്റപ്പണി നടത്തേണ്ടത് ഇറിഗേഷൻ വകുപ്പാണ് മാലിന്യം തള്ളുന്നത് സംബന്ധിച്ച് പരിശോധന നടത്തും
ഗിരിജ സന്തോഷ്, കൗൺസിലർ, കടവൂർ ഡിവിഷൻ