
കൊല്ലം: തമിഴ്നാട്ടിൽ നിന്ന് ക്വാറി ഉത്പന്നങ്ങൾ എത്തിച്ച് വിൽക്കുന്ന സ്റ്റോക്ക് യാർഡുകൾ വ്യാപകമായതോടെ സ്വന്തമായി ക്വാറികളില്ലാത്ത ക്രഷർ യൂണിറ്റുകൾ പ്രതിസന്ധിയിൽ. നേരത്തെ ലഭിച്ചിരുന്ന ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള ഇടപാടുകൾ നഷ്ടമായി ജില്ലയിലെ ഭൂരിഭാഗം ക്രഷറുകളിലെയും വിൽപ്പന കുത്തനെ ഇടിഞ്ഞു. ഇവിടങ്ങളിലെ നൂറുകണക്കിന് തൊഴിലാളികൾക്കും ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണ്.
നിശ്ചിത ദൂരപരിധിയിൽ സ്റ്റോക്ക് യാർഡുകളേക്കാൾ വില കുറച്ചാണ് ക്രഷർ യൂണിറ്റുകൾ ക്വാറി ഉത്പന്നങ്ങൾ വിൽക്കുന്നത്. എന്നാൽ ദൂരെ സ്ഥലങ്ങളിൽ എത്തിക്കുമ്പോൾ ആനുപാതികമായ ലോറി വാടക കൂടി ഈടാക്കും. അതുകൊണ്ട് തന്നെ ദൂരെ സ്ഥലങ്ങളിൽ എത്തിക്കേണ്ടി വരുമ്പോൾ ക്രഷറുകളിലെയും സ്റ്റോക്ക് യാർഡുകളിലെയും വിലകൾ തമ്മിൽ കാര്യമായ അന്തരമില്ലാത്ത അവസ്ഥയാണ്. കച്ചവടം ഇടിഞ്ഞതോടെ തൊഴിലാളികളിൽ പലരെയും പിരിച്ചുവിടേണ്ട അവസ്ഥയിലാണ് പല ക്രഷർ യൂണിറ്റുകളും.
ജില്ലയിൽ 90 ഓളം ക്രഷർ യൂണിറ്റുകളാണുള്ളത്. ഇതിൽ 70 ശതമാനത്തോളം ക്രഷറുകളും സ്വന്തമായി ക്വാറിയില്ലാത്തവരാണ്. സംസ്ഥാന സർക്കാർ ക്വാറികൾക്കുള്ള റോയൽറ്റിയും സീനിയറേജും ഉയർത്തിയതോടെ പാറ വില ഉയർന്നു. ഒരു ക്യുബിക്ക് അടി പാറ 45 രൂപയ്ക്ക് വാങ്ങിയാണ് ഇവർ മറ്റ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. വൈദ്യുതി ചാർജ്, തൊഴിലാളികളുടെ കൂലി, യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി അടക്കം വലിയ ചെലവ് ക്രഷറുകൾക്കുണ്ട്. പക്ഷെ സ്റ്റോക്ക് യാർഡുകൾക്ക് ഇതൊന്നുമില്ല. തമിഴ്നാട്ടിൽ നിന്ന് ലോറിയിലെത്തുന്ന ഉത്പന്നങ്ങൾ സംഭരിച്ച് വിൽക്കുക മാത്രമാണ് ചെയ്യുന്നത്.
വിൽപ്പന നികുതിയിൽ വെട്ടിപ്പ്
സ്റ്റോക്ക് യാർഡുകൾ വ്യാപകമായതോടെ ക്വാറി ഉത്പന്നങ്ങളുടെ വിൽപ്പനയിനത്തിലുള്ള നികുതി വലിയളവിൽ ചോരുന്നു
ബില്ലില്ലാതെയാണ് പല സ്റ്റോക്ക് യാർഡുകളിലെയും ഇടപാട്
ജിയോളജി വകുപ്പിന്റെ പാസോടെയാണ് കേരളത്തിലെ ക്വാറികളിൽ നിന്ന് ക്രഷറുകളിലേക്ക് പാറ എത്തുന്നത്
എന്നാൽ സ്റ്റോക്ക് യാർഡുകളിലെത്തുന്ന ക്വാറി ഉത്പന്നങ്ങൾക്ക് കൃത്യമായ കണക്കില്ല
ഇത്തരം കേന്ദ്രങ്ങളിൽ ജി.എസ്.ടി വകുപ്പ് കാര്യമായി പരിശോധന നടത്തുന്നില്ല
ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലാതെയാണ് ഭൂരിഭാഗം സ്റ്റോക്ക് യാർഡുകളും പ്രവർത്തിക്കുന്നത്
ക്രഷർ ഉത്പന്നങ്ങളുടെ ശരാശരി വില (ക്യുബിക്ക് അടി)
എം സാൻഡ് ₹ 70-72
അരയിഞ്ച് മെറ്റിൽ ₹ 48-50
മുക്കാലിഞ്ച് മെറ്റിൽ ₹ 48-50
പാറപ്പൊടി ₹ 48
ഒന്നരയിഞ്ച് മെറ്റിൽ ₹ 48