
ഓച്ചിറ: ആചാരവും ആനുഷ്ഠാനവും കൂടിചേർന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രസിദ്ധമായ ഓച്ചിറക്കളി മഹോത്സവം ഇന്നും നാളെയുമായി നടക്കും. മിഥുനം ഒന്ന്, രണ്ട് തീയതികളിലാണ് ഓച്ചിറ പടനിലത്ത് ഓച്ചിറക്കളി അരങ്ങേറുന്നത്.
കൊല്ലം കേരളപുരം പ്രകാശൻ ഗുരുക്കളുടെ നേതൃത്വത്തിൽ മുപ്പതിൽപരം യോദ്ധാക്കളും മണപ്പള്ളി ടി.ഡി.എസ്.കെ കളരിസംഘം സുനിൽ ആശാന്റെ നേതൃത്വത്തിൽ നാൽപ്പത്തഞ്ചിൽ പരം യോദ്ധാക്കളും പങ്കെടുക്കുന്ന കളരിപ്പയറ്റ് പ്രദർശനവും പടനിലത്ത് അരങ്ങേറും. ഒപ്പം ഡോ.കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ അൻപതോളം വാദ്യമേള കലാകാരന്മാർ പങ്കെടുക്കുന്ന പാഞ്ചാരിമേളവും പഞ്ചവാദ്യവും ചെണ്ടമേളവും ഓച്ചിറക്കളിക്ക് ഇത്തവണ മാറ്റുകൂട്ടും.
549 കളരി സംഘങ്ങളാണ് ഓച്ചിറക്കളിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരുമാസത്തെ വ്രതാനുഷ്ഠാനത്തോടെ കളരി ആശാന്മാരുടെ ശിക്ഷണത്തിൽ 18 അടവുകളും പഠിച്ചതിന് ശേഷമാണ് ഇവർ പടനിലത്ത് എത്തുന്നത്. മൂന്ന് വയസ് മുതൽ തൊണ്ണൂറ് വയസ് വരെയുള്ളവർ പങ്കെടുക്കും.
ചരിത്ര വീറോടെ യോദ്ധാക്കൾ
 ഇന്ന് രാവിലെ 7ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് ജി.സത്യൻ പതാക ഉയർത്തും
 11.30ന് ഓച്ചിറക്കളി കെ.സി.വേണുഗോപാൽ എം.പി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും
 ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ് കെ.ജാജു ബാബു മുഖ്യാതിഥിയാകും
 എം.എൽ.എമാരായ സി.ആർ.മഹേഷ്, യു.പ്രതിഭ എന്നിവർ പങ്കെടുക്കും
 തുടർന്ന് സ്ഥാനി, ശിൽബന്ധി, കാരാഴ്മ വിഭാഗങ്ങൾ വാദ്യോപകരണങ്ങളുടെയും ഋഷഭ വീരന്മാരുടെയും അകമ്പടിയോടെ കളിസംഘങ്ങളും ഭക്തജനങ്ങളും പങ്കെടുക്കുന്ന ഘോഷയാത്ര
 കരകളിക്ക് ശേഷം ക്ഷേത്രഭരണസമിതി സെക്രട്ടറി അഡ്വ. കെ.ഗോപിനാഥന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും കരനാഥന്മാരും കരപറഞ്ഞ് ഹസ്തദാനം ചെയ്തശേഷം യോദ്ധാക്കൾ ആയോധനമുറകൾ പ്രദർശിപ്പിക്കും
 നാളെയും ചടങ്ങുകൾ ആവർത്തിക്കും
കളരിപൂജയും ആയുധപൂജയും
ഒരു മാസത്തെ നിരന്തര പരിശീലനത്തിന് ശേഷം കഴിഞ്ഞ ദിവസം കളരികളിൽ കളരിപൂജയും ആയുധപൂജയും നടന്നു. ദീപാരാധനയ്ക്ക്ക്ക് ശേഷം വമ്പിച്ച ദീപക്കാഴ്ചയോടുകൂടിയാണ് കളരിപൂജ നടത്തുന്നത്. പുള്ളുവൻപാട്ടാണ് മുഖ്യ ആകർഷണം. തുടർന്ന് ഗുരുദക്ഷിണ നൽകി ശിഷ്യർ ആയുധങ്ങൾ ഏറ്റുവാങ്ങി.