കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്തിന്റെ വിവിധ ആനുകൂല്യങ്ങൾക്കുള്ള ഫോറങ്ങളിൽ 'അപേക്ഷ' എന്ന വാക്ക് ഒഴിവാക്കാൻ തീരുമാനം. പകരം 'ആവശ്യം' എന്നാകും ഉപയോഗിക്കുക. ജില്ലാ പഞ്ചായത്തിന് നൽകുന്ന നിവേദനങ്ങളിലും അപേക്ഷ എന്നത് ഒഴിവാക്കി ആവശ്യപ്പെടുന്നു എന്ന് ഉപയോഗിച്ചാൽ മതി. വിവിധ പദ്ധതികളുടെ ഫോറങ്ങളുടെ തലക്കെട്ട് 'ആവശ്യഫോറം' എന്നാക്കി മാറ്റും. ഇന്നലെ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗം ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. ജൂലായ് ഒന്നു മുതൽ നടപ്പാക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപന്റേതാണ് ആശയം. അദ്ദേഹം അവതരിപ്പിച്ച പ്രമേയം അംഗങ്ങൾ ഒറ്റക്കെട്ടായി പാസാക്കുകയായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പരിഷ്കാരം. അധികൃതരോട് അപേക്ഷിക്കുന്നത് കൊളോണിയൽ സംസ്കാരമാണെന്ന് ഗോപൻ പറഞ്ഞു. ജനാധിപത്യകാലത്ത് അനുകൂല്യങ്ങളും സേവനങ്ങളും ജനങ്ങളുടെ അവകാശമാണ്. അതിന് അപേക്ഷിക്കേണ്ട കാര്യമില്ല. ആവശ്യപ്പെടുകയാണ് വേണ്ടത്. ഈ ചിന്തയിൽ നിന്നാണ് പുതിയ പരിഷ്കാരം.