t
ഇരുട്ടു മൂടി​യ തെക്കുംഭാഗം ബീച്ചി​ലൂടെ കടന്നു പോകുന്ന വാഹനം

പരവൂർ: വിദേശികൾ ഉൾപ്പെടെ സഞ്ചാരികളുടെ തിരക്കുള്ള തെക്കുംഭാഗം ബീച്ചിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ, സന്ധ്യ മയങ്ങുമ്പോഴേക്കും പ്രദേശമാകെ ഇരുട്ടിലാവുന്നു.

ഏറെ നാളായി ഇരുട്ട് മൂടിക്കിടന്നിരുന്ന ബീച്ചിൽ രണ്ട് വർഷം മുമ്പാണ് പുതിയൊരു കമ്പനി, വിളക്കുകൾ സ്ഥാപിക്കുന്നതിന്റെ കരാർ എടുത്തത്. പക്ഷേ, കഷ്ടിച്ച് മൂന്നു മാസം മാത്രമായിരുന്നു വെളിച്ചം. ലൈറ്റുകൾ ഒന്നിനു പിന്നാലെ ഒന്നായി കേടായപ്പോഴേക്കും കരാർ കമ്പനി അധികൃതർ പമ്പ കടന്നു! ഇരുൾ വീണുകഴിയുമ്പോൾ, സാമൂഹ്യ വിരുദ്ധരുടെ ശല്ല്യമുണ്ടാകുമോ എന്ന ഭീതിയിലാണ് സഞ്ചാരികൾ. അതുകൊണ്ടുതന്നെ വൈകുന്നേരങ്ങളിൽ കുടുംബവുമായെത്താൻ പലർക്കും മടിയാണ്. തെക്കുംഭാഗം മുസ്ലിം പള്ളി മുതൽ കാപ്പിൽ പാലം വരെ വലിയ ഇരുട്ടാണ്. തുല്ല്യ കക്ഷി നിലയുള്ള പരവൂർ മുനിസിപ്പാലിറ്റിയിൽ നറുക്കെടുപ്പിലൂടെയാണ് അദ്ധ്യക്ഷയെ തിരഞ്ഞെടുത്തത്. പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടാവുന്നില്ലെന്നും ആക്ഷേപമുണ്ട്.
....................

ഒമ്പത് ലക്ഷത്തോളം മുടക്കിയാണ് പൊഴിക്കര, തെക്കുംഭാഗം ബീച്ചുകളിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചത്. ബീച്ചിലെത്തുന്നവരെയും ബീച്ചിനെ ആശ്രയിക്കുന്ന ചെറുകിട - ഇടത്തരം കച്ചവടക്കാരെയും കൂരിരുട്ട് പ്രതികൂലമായി ബാധിക്കുന്നു

എ. ഷുഹൈബ്,

ഡി.സി.സി ജനറൽ സെക്രട്ടറി,

കൊല്ലം.

.................................

വാറണ്ടി കാലാവധിക്കുള്ളിൽ തെരുവ് വിളക്കുകൾ പരിപാലിക്കാൻ, കരാറെടുത്തവർ തയ്യാറാകുന്നില്ല. ഇക്കാര്യത്തിൽ മുനിസിപ്പാലിറ്റി നിരവധി തവണ കരാറുകാരന് കത്തയച്ചു. മറ്റാരെയെങ്കിലും ഉപയോഗിച്ച് പരിപാലനം നടത്തിയാൽ ആ തുക കരാർ കമ്പനിയിൽ നിന്ന് ഈടാക്കുമെന്ന് ഓർമ്മിപ്പിച്ചിട്ടുണ്ട്. കടലിൽ നിന്നുള്ള ഉപ്പ് കാറ്റും വിനയാണ്. ലവണത്വം പ്രതിരോധിക്കാനുള്ള മുൻകരുതൽ ഇല്ലായിരുന്നു. മുനിസിപ്പാലിറ്റിക്ക് ഇലക്‌ട്രിക്കൽ എൻജിനീയറിംഗ്‌ വിഭാഗമില്ലാത്തതിനാൽ ജില്ലാ പഞ്ചായത്ത് എൻജിനീയറെ ഉപയോഗിച്ചാണ് എസ്‌റ്റിമേറ്റ് തയ്യാറാക്കിയതും തുടർന്ന് പണി ടെണ്ടർ ചെയ്‌തതും

ജെ. ഷെരീഫ്,

പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ.