കരുനാഗപ്പള്ളി: പെരുന്നാൾ പ്രമാണിച്ച് മുടങ്ങിപ്പോയ റേഷൻ സാധനങ്ങളുടെ വിതരണം ഇന്ന് മുതൽ ആരംഭിക്കും. കരുനാഗപ്പള്ളി താലൂക്കിലെ എല്ലാ റേഷൻ കടകളിലും ഇന്ന് സാധനങ്ങൾ എത്തിച്ചേരുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പെരുന്നാൾ എത്തിയിട്ടും റേഷൻ സാധനങ്ങൾ എത്തിയില്ലെന്ന തലക്കെട്ടിൽ കേരള കൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്തയാണ് അധികൃതരുടെ കണ്ണ് തുറപ്പിച്ചത്.

കരാറുകാരന് പണം നൽകി സപ്ളൈകോ

എല്ലാ മാസവും 10ന് മുമ്പ് ഗോഡൗണിൽ നിന്ന് റേഷൻ സാധനങ്ങൾ റേഷൻ കടകളിൽ കരാറുകാരൻ എത്തിക്കുമായിരുന്നു. സാധനങ്ങൾ കൊണ്ടുപോകാനുള്ള വാഹനങ്ങളും സാധനങ്ങൾ കയറ്റി ഇറക്കുന്നതിനുള്ള തൊഴിലാളികളെയും കരാറുകാരനാണ് നൽകുന്നത്. സാമ്പത്തിക ഞെരുക്കം കാരണം സപ്ലൈകോ കഴിഞ്ഞ മൂന്ന് മാസമായി കരാറുകാരന് പണം നൽകുന്നില്ല. ഇതേ തുടർന്ന് കരാറുകാർ സമരം പ്രഖ്യാപിച്ചതോടെയാണ് റേഷൻ സാധനങ്ങളുടെ വിതരണം നിലച്ചത്. വാർത്ത ശ്രദ്ധയിൽപ്പെട്ട സപ്ലൈകോ കഴിഞ്ഞ ദിവസം കരാറുകാരന് പണം നൽകുകയായിരുന്നു.

നാളെ റേഷൻ കടകൾ തുറക്കണം

റേഷൻ സാധനങ്ങൾ പെരുന്നാളിന് മുമ്പ് റേഷൻ കടകളിൽ നിന്ന് വിതരണം ചെയ്യാൻ കഴിയുമോ എന്നത് സംശയമാണ്. ഇന്ന് വൈകിട്ടോടെ മാത്രമേ റേഷൻ കടകളിൽ സാധനങ്ങൾ എത്തുകയുള്ളു. നാളെ ഞയറാഴ്ചയാണ്. തിങ്കളാഴ്ച പെരുന്നാൾ ദിവസവും. നാളെ റേഷൻ കടകൾ തുറന്ന് പ്രവർത്തിച്ചാൽ സാധനങ്ങൾ റേഷൻ ഉപഭോക്താക്കളുടെ കൈകളിൽ എത്തും.ഇതിനാവശ്യമായ തീരുമാനങ്ങൾ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.