കൊല്ലം: ഇടത് - വലത് മുന്നണികൾ നടത്തിവരുന്ന ന്യൂനപക്ഷ പ്രീണനം തുറന്ന് പറഞ്ഞതിന് വെള്ളാപ്പള്ളി നടേശന് എതിരെയും ഈഴവസമുദായത്തിന് എതിരെയും ചിലകേന്ദ്രങ്ങളിൽ നിന്നുയരുന്ന ആക്രമണങ്ങളെ സർവശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ കൗൺസിൽ യോഗം പ്രഖ്യാപിച്ചു.

ജാതിയും മതവും പറഞ്ഞ് ന്യൂനപക്ഷ വിഭാഗങ്ങൾ അർഹതയില്ലാത്തതും തട്ടിയെടുത്തത് സമൂഹ്യനീതി അട്ടിമറിക്കുന്നത് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിളിച്ചുപറയുമ്പോൾ വിഷം ചീറ്റുന്നവരെ നമ്മൾ തിരിച്ചറിയണം. ഇടത് -വലത് മുന്നണികളുടെ ന്യൂനപക്ഷ പ്രീണനം രാജ്യസഭാ സീറ്റ് വിഭജനത്തിലും വ്യക്തമായതോടെയാണ് സമുദായം അനുഭവക്കുന്ന അവഗണനയ്ക്കെതിരെ ജനറൽ സെക്രട്ടറിക്ക് പ്രതികരിക്കേണ്ടി വന്നത്. മുൻ മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദനും എ.കെ.ആന്റണിയും ഇതേകാര്യം പറഞ്ഞിട്ടുണ്ട്. യോഗം ജനറൽ സെക്രട്ടറിക്കെതിരെ പ്രകോപനപരമായ പ്രതികരണം ഉണ്ടായാൽ കുണ്ടറ യുണിയനും എല്ലാ ശാഖകളും ശക്തമായി അദ്ദേഹത്തിനൊപ്പം നിലകൊള്ളുമെന്നും കൗൺസിൽ യോഗം വ്യക്തമാക്കി.
യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ഭാസിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ പ്രസിഡന്റ് ഡോ. ജി.ജയദേവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്.അനിൽകുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഹനീഷ്, സിബു വൈഷ്ണവ്, അനിൽകുമാർ, എസ്.വി.സജീവ്, പ്രിൻസ് സത്യൻ, പുഷ്പ പ്രതാപ്, ലിബുമോൻ, ഷൈബു, തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു.