കൊല്ലം: ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികൾക്ക് 38.45 കോടി രൂപയുടെ ഭരണാനുമതി. 17 റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചത്.
പത്തനാപുരം മണ്ഡലത്തിലെ അലിമുക്ക് പുന്നല റോഡിന് അഞ്ചുകോടിയും കരുനാഗപ്പള്ളി മണ്ഡലത്തിലെ ചങ്ങൻകുളങ്ങര വള്ളിക്കാവ് റോഡിന് രണ്ടരക്കോടിയും ചടയമംഗലം മണ്ഡലത്തിലെ പട്ടാണിമുക്ക് വയ്യാനം എളംപഴന്നൂർ റോഡിന് ഒരുകോടിയും അനുവദിച്ചു.
ബീഡിമുക്ക് ചണ്ണപ്പേട്ട റോഡ്, പണ്ടലമുക്ക് ചരിപ്പറമ്പ് റോഡ്, തുളസിമുക്ക് പങ്കലുകാട് റോഡ്, കോട്ടുക്കൽ ഗുഹാക്ഷേത്രം മഞ്ഞപ്പാറ പാവൂർ ചടയമംഗലം റോഡ്, എളമാട് തേവന്നൂർ റോഡ്, കുമ്മിൾ സമ്പ്രാമം മുല്ലക്കര തച്ചോണം റോഡ്, കടയ്ക്കൽ ടൗൺ കിസ്മിത് ഹോസ്പിറ്റൽ റോഡ് എന്നീ ഏഴു റോഡുകൾക്ക് രണ്ടുകോടി വീതവും അനുവദിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളി ആലുംകടവ് റോഡിന് മൂന്നുകോടിയും കൊട്ടിയം കുണ്ടറ റോഡിന് രണ്ടര കോടിയും ചവറ മണ്ഡലത്തിലെ തേവലക്കര ക്ഷേത്രം ആറാട്ടുകുളം റോഡിന് 40 ലക്ഷം രൂപയും കണ്ടച്ചിനേഴത്തുമുക്ക് കീപ്പട റോഡിന് 1.6 കോടിയും തെക്കുംഭാഗം തണ്ടലത്തുമുക്ക് ഗുഹാനന്ദപുരം റോഡിന് 45 ലക്ഷം രൂപയും അനുവദിച്ചു. പുനലൂർ മണ്ഡലത്തിൽ വിളക്കുപാറ കേളൻകാവ് റോഡിന് അഞ്ചുകോടിയും കുന്നത്തൂർ മണ്ഡലത്തിലെ പാക്കിസ്ഥാൻ മുക്ക് ഞാങ്കടവ് റോഡിന് മൂന്നു കോടിയുമാണ് അനുവദിച്ചത്.
റോഡുകൾ ബി.എം ബി.സി നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളത്.
പി.എ.മുഹമ്മദ് റിയാസ്
പൊതുമരാമത്ത് വകുപ്പ് മന്ത്രി