കൊല്ലം: കൊല്ലത്ത് സി.ജി.എച്ച്.എസ് (സെൻട്രൽ ഗവ. ഹെൽത്ത് സ്കീം) വെൽനസ് സെന്റർ ആരംഭിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നദ്ദ, കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി, സി.ജി.എച്ച്.എസ് ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകി.
പതിനേഴാം ലോക്‌സഭയുടെ കാലയളവിൽ വെൽനെസ് സെന്റർ കൊല്ലത്ത് ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഉറപ്പ് നൽകിയിരുന്നതാണ്. ഇത് സംബന്ധിച്ച് സി.ജി.എച്ച്.എസ് അഡിഷണൽ ഡയറക്ടർ നൽകിയ ശുപാർശയിന്മേലുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. സെന്റർ ആരംഭിക്കാൻ കേന്ദ്രസർക്കാർ പുതുക്കി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ പരിധിയിൽ കൊല്ലം ഉൾപ്പെടും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ തെക്കൻ മേഖലയിലെ വൃദ്ധരായ സി.ജി.എച്ച്.എസ് ഗുണഭോക്താക്കൾ നിലവിൽ 70 മുതൽ 150 കിലോമീറ്റർ വരെ സഞ്ചരിച്ചാൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. നടപടികൾ പൂർത്തിയാക്കി അടിയന്തിരമായി വെൽനെസ് സെന്റർ ആരംഭിക്കാൻ ഉത്തരവുണ്ടാകണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.