 
1 കോടി രൂപയുടെ കെട്ടിടം
1913ൽ
കൊട്ടാരക്കര: കോട്ടാത്തല ഗ്രാമത്തിന്റെ വിദ്യാലയ മുത്തശ്ശി ഹൈടെക് ആകും. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച 1 കോടി രൂപ ഉപയോഗിച്ചാണ് കോട്ടാത്തല ഗവ.എൽ.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നത്. ക്ളാസ് മുറികളും ഓഫീസ് മുറിയുമടങ്ങുന്ന രണ്ട് നില കെട്ടിടമാണ് നിർമ്മിക്കുന്നത്. ആദ്യ നിലയുടെ കോൺക്രീറ്റ് പൂർത്തിയാക്കി. അടുത്ത നിലയുടെ തൂണുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
ഉദ്ഘാടനം ഈ വർഷം തന്നെ
മാസങ്ങൾക്ക് മുന്നേതന്നെ നിർമ്മാണ ജോലികൾ തുടങ്ങിയെങ്കിലും സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കൊന്നും ഇത് തടസമാകുന്നില്ല. കൊട്ടാരക്കര- പുത്തൂർ റോഡരികിലായി തണ്ണീർ പന്തൽ ക്ഷേത്രത്തിന് സമീപത്തായാണ് ജംഗ്ഷനിൽത്തന്നെ സ്കൂൾ പ്രവർത്തിക്കുന്നത്. റോഡിന്റെ അഭിമുഖമായുള്ള കെട്ടിടത്തിലാണ് നിലവിൽ അദ്ധ്യയനവും ഓഫീസ് പ്രവർത്തനങ്ങളും. ഈ അദ്ധ്യന വർഷത്തിൽത്തന്നെ കെട്ടിടം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനാകും. ഓടുമേഞ്ഞ പഴയ കെട്ടിടം പൂർണമായും പൊളിച്ചുനീക്കിയ ശേഷമാണ് അവിടെ പുതിയ കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥല പരിമിതികൾ ഇപ്പോൾ രൂക്ഷമാണ്. കൊച്ചുകുട്ടികൾ പഠിക്കുന്ന വിദ്യാലയമെന്ന നിലയിൽ അതീവ സുരക്ഷാ മുൻകരുതലുകളോടുകൂടിയാണ് നിർമ്മാണ ജോലികൾ നടത്തുന്നത്.
അക്ഷരമുത്തശ്ശി
1913ൽ ആണ് കോട്ടാത്തല ജംഗ്ഷൻ കേന്ദ്രമാക്കി വിദ്യാലയം സ്ഥാപിച്ചത്. ഓലമേഞ്ഞ കെട്ടിടത്തിൽ തുടങ്ങിയ പ്രവർത്തനം പിന്നീട് ഓടുമേഞ്ഞ കെട്ടിടത്തിലേക്ക് മാറി. നാലാം ക്ളാസ് വരെയാണ് ഇവിടെയുള്ളത്. കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ ചുറ്റുവട്ടങ്ങളിലെത്തിയിട്ടും ഗവ.എൽ.പി സ്കൂളിൽ കുട്ടികളുടെ കുറവ് കാര്യമായി ബാധിച്ചില്ല. എൽ.പി വിഭാഗത്തിന് പുറമെ പ്രീ പ്രൈമറി വിഭാഗവും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ശതാബ്ദിയുടെ സ്മാരകമായി നിർമ്മിച്ച പ്രവേശന കവാടം മുഖ്യ ആകർഷണമാണ്. മന്ത്രി മുൻകൈയെടുത്ത് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ തുക അനുവദിച്ചത് വലിയ അനുഗ്രഹമായി. നിർമ്മാണോദ്ഘാടനവും മന്ത്രി കെ.എൻ.ബാലഗോപാലാണ് നിർവഹിച്ചത്.