ശാസ്താംകോട്ട: പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം അതിരുവിട്ട ന്യൂനപക്ഷ പ്രീണനമാണെന്ന് അഭിപ്രായപ്പെട്ടതിന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വർഗീയവാദിയെന്ന് അധിക്ഷേപിക്കുന്ന ശക്തികളെ എന്തു വിലകൊടുത്തും നേരിടുമെന്ന് എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ കൗൺസിൽ യോഗം തീരുമാനിച്ചു.
ന്യൂനപക്ഷ പ്രീണനം കാരണം പിന്നാക്ക, പട്ടികജാതി, പട്ടികവർഗ ജനസമൂഹം വിപ്ലവ പ്രസ്ഥാനങ്ങളിൽ നിന്ന് അകന്നു എന്ന യാഥാർത്ഥ്യമാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഇവർ ഗത്യന്തരമില്ലാതെ ബി.ജെ.പിക്ക് വോട്ടുചെയ്തതിനാലാണ് അവരുടെ വോട്ടുവിഹിതം വർദ്ധിച്ചത്. കേരളരാഷ്ട്രീയത്തിലെ ന്യൂനപക്ഷ പ്രീണനം ഒരു സാമൂഹ്യയാഥാർത്ഥ്യമാണ്. ഇക്കാര്യം യോഗം ഇനിയും വിളിച്ചു പറയും. അധികാരത്തിന്റെ ബലത്തിൽ കേരളത്തിന്റെ പൊതുസമ്പത്ത് ന്യൂനപക്ഷങ്ങളിലേക്ക് എത്തിയ കാര്യം ആർക്കും നിഷേധിക്കാനാവില്ല. ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ യോഗത്തെയോ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയോ ആക്ഷേപിക്കാൻ ആരെയും അനുവദിക്കില്ലെന്നും കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി.
യോഗം ജനറൽ സെക്രട്ടറി പറഞ്ഞ യാഥാർത്ഥ്യങ്ങൾ ശരിവെക്കുന്നതാണ് കേരളത്തിലെ രാജ്യസഭ സ്ഥാനാർത്ഥി നിർണയം. ന്യൂനപക്ഷങ്ങൾക്കായി ഇരുമുന്നണികളും മാനേജ്മെന്റ് കോട്ടയിൽ സീറ്റ് വീതം വെച്ചു നൽകുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി റാം മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. യോഗം ഡയറക്ടർ ബോർഡുമെമ്പർമാരായ ശ്രീലയം ശ്രീനിവാസൻ, വി.ബേബികുമാർ, യൂണിയൻ കൗൺസിലർമാരായ അഡ്വ.ഡി.സുധാകരൻ , അഡ്വ.സുഭാഷ് ചന്ദ്രബാബു, പ്രേം ഷാജി, നെടിയവിള സജീവൻ, തഴവാ വിള ദിവാകരൻ, അഖിൽ സിദ്ധാർത്ഥ്, പഞ്ചായത്തു കമ്മിറ്റി അംഗങ്ങളായ ആർ.സുഗതൻ, സുഭാഷ് ചന്ദ്രൻ, എസ്.രഞ്ജിത്ത് എന്നിവർ സംസാരിച്ചു.