തൊടിയൂർ: മാളിയേക്കൽ മേൽപ്പാലം എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. പണികൾ അവസാന ഘട്ടത്തിലേക്ക് കടന്നു. പെയിന്റിംഗ് വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. സോളാർ പാനലുകളും ലൈറ്റുകളും സ്ഥാപിച്ചു. 547 മീറ്റർ നീളവും 10.15 മീറ്റർ വീതിയുമുള്ള മേൽപ്പാലത്തിൽ റെയിൽവേ ലൈനിന് മീതേയുള്ള 52 മീറ്റർ പണി റെയിൽവേയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടന്നത്. അവശേഷിച്ചിരുന്നത് ഫിനിഷിംഗ് കോൺക്രീറ്റിംഗ് ആയിരുന്നു. ഇത് കഴിഞ്ഞ ദിവസം പൂർത്തിയായി. 15 ദിവസങ്ങൾക്ക് ശേഷമേ വാഹന ഗതാഗത്തിന് തുറന്നു നൽകാനാവു. അപ്പോഴേക്കും ഫുട് പാത്തിന്റെയും കൈവരിയുടെയും ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
ഉടൻ തുറന്ന് നൽകും
പാലത്തിന്റെ ഉപരിതല ജോലികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഗതാഗതത്തിന് തുറന്നു നൽകിയേക്കും. രണ്ടാഴ്ചക്കകം ഇത് പൂർത്തിയാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
പാലത്തിന്റെ താഴ് വശത്തെ പണികൾ പിന്നാലെ ചെയ്തു തീർക്കാൻ തടസമില്ല.ഇവിടെ ടൈൽസ് പാകി മനോഹരമാക്കും. സർവീസ് റോഡിന്റെ വശത്തെ ഓട നിർമ്മാണവും പൂർത്തീകരിക്കാനുണ്ട്. എത്രയും വേഗം മേൽപാലം ഗതാഗതത്തിന് തുറന്നു കിട്ടുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി
ജില്ലയുടെ കിഴക്കൻ മേഖലകളായ പുനലൂർ, കൊട്ടാരക്കര, അഞ്ചൽ, ആയൂർ, ഓയൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കരുനാഗപ്പള്ളിയിൽ എത്തേണ്ടവർക്കുൾപ്പടെ ഈ മേൽപ്പാലം അനുഗ്രഹമാണ്. 2021 ജനുവരി 23നാണ് മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത് .