കൊല്ലം: നാട്ടിലെ വിശേഷങ്ങൾ അറിയാൻ ഇനി അവർ നാലുപേരുടെയും വിളി വരില്ല. അവധിക്ക് വരുമ്പോഴുള്ള സർപ്രൈസ് സമ്മാനങ്ങളും സ്വപ്നം കാണേണ്ട. അവരുടെ മടങ്ങിവരവിനായി ദിവസങ്ങളെണ്ണി കാത്തിരിക്കേണ്ട. മടക്കമില്ലാത്ത യാത്രയ്ക്കായി അവർ നാലുപേരും കുവൈറ്റിൽ നിന്ന് മടങ്ങിയെത്തി!. കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച കൊല്ലം സ്വദേശികളായ അഞ്ചുപേരിൽ നാലുപേരുടെയും മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. ശൂരനാട് നോർത്ത് ആനയടി കുന്നുവിള വീട്ടിൽ യു.ഷെമീർ (30), കൊല്ലം കടവൂർ മതിലിൽ കന്നിമൂലയിൽ വീട്ടിൽ സുമേഷ്.എസ്.പിള്ള എന്നിവരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.

കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ആദിച്ചനല്ലൂർ വെളിച്ചിക്കാല വടകോട്ട് വിളയിൽ വീട്ടിൽ വി.ഒ.ലൂക്കോസിന്റെയും പുനലൂരിലെ സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന പുനലൂർ നരിക്കൽ, സാജൻ വില്ലയിൽ സാജൻ ജോജിന്റെയും(29) സംസ്കാരം ഇന്ന് നടക്കും. ഒരുപാട് സ്വപ്നങ്ങൾ ബാക്കിവച്ച് ചേതനയറ്റ് ഷെമീറും സുമേഷും വീടുകളിലേക്ക് മടങ്ങിയെത്തിയപ്പോൾ ഉറ്റ ബന്ധുക്കൾക്ക് മാത്രമല്ല, നാടിനാകെ സങ്കടമടക്കാനായില്ല. ആയിരങ്ങളാണ് ഷെമീറിനും സുമേഷിനും അന്ത്യാഞ്ജലി അർപ്പിക്കാനായി വീടുകളിലേക്ക് എത്തിയത്.

നെടുമ്പാശേരിയിൽ നിന്ന് പൊലീസ് അകമ്പടിയിൽ കൊണ്ടുവന്ന സാജൻ ജോർജിന്റെ മൃതദേഹം ജില്ലാ അതിർത്തിയായ പത്തനാപുരത്ത് വച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറി. ബന്ധുക്കൾ ഒരുനോക്ക് കണ്ട ശേഷം മൃതദേഹം സ്വകാര്യ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. വി.ഒ.ലൂക്കോസിന്റെ മൃതദേഹം ജില്ലാ അതിർത്തിയായ ഓച്ചിറയിൽ വച്ച് ജനപ്രതിനിധികളുടെയും എ.ഡി.എം അനിൽകുമാർ, ചാത്തന്നൂർ സി.ഐ വിജയരാഘവൻ എന്നിവരുടെയും നേതൃത്വത്തിൽ ഏറ്റുവാങ്ങി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.