
കൊല്ലം: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുളവന കോട്ടപ്പുറം മേരീസദനത്തിൽ പരേതനായ ഡൊമനിക്കിന്റെയും ലീലയുടെയും മകൻ സനിൽ കുമാറാണ് (48, മെക്കാനിക്ക്, കെ.എസ്.ആർ.ടി.സി ഡിപ്പോ, കൊല്ലം) മരിച്ചത്.
മേയ് 28ന് പാലത്തറയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിലെ റോഡിൽ വച്ചായിരുന്നു അപകടം. ഭാര്യ ഷീജ ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവ ദിവസം രാത്രി 10.30 ഓടെ ചായകുടിക്കാൻ പുറത്തിറങ്ങിയ സനിൽ കുമാറിനെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സനിൽകുമാറിനെ ഉടൻ ഇതേ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പിറ്രേന്ന് ഭാര്യ ഡിസ്ചാർജ് ആയതോടെ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ സനൽ കുമാറിന്റെ വലത് കാലിൽ നീരും വേദനയും അനുഭവപ്പെട്ടു. പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ കാലിന്റെ അസ്ഥിക്ക് പൊട്ടലുള്ളതിനാൽ പ്ളാസ്റ്രറിട്ടു. തുടർന്ന് വീട്ടിലെത്തിയെങ്കിലും ഇടയ്ക്ക് ശ്വാസതടസം നേരിട്ടു. വ്യാഴാഴ്ച പുലർച്ചെ ശ്വാസതടസം കൂടിയതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.
കാലിലെ പൊട്ടലിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഷീജ തൃശൂർ റവന്യൂ റിക്കവറി ഓഫീസിലെ ക്ളാർക്കാണ്. മക്കൾ: അലൈന മേരി, അന്റോണിയോ.