ചാത്തന്നൂർ: ആകെയുണ്ടായിരുന്ന ഒരു ഡോക്ടർ നീണ്ട അവധിയിൽ പ്രവേശിച്ചതോടെ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിയിലെത്തുന്നവർ വലയുന്നു. പഞ്ചായത്ത് അധികൃതരെ അറിയിക്കാതെയാണ് ഡോക്ടർ മുങ്ങിയതെന്നും പരാതിയുണ്ട്.
ദിവസവും മുന്നൂറിലധികം രോഗികൾ എത്തിയിരുന്ന ആശുപത്രിയാണിത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ കാൽനടയായും വാഹനത്തിലും ആശുപത്രിയിൽ എത്തുമ്പോഴാണ് ഡോക്ടർ ഇല്ലെന്നറിയുന്നത്. കല്ലുവാതുക്കൽ പഞ്ചായത്തിന്റെ സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരും ഇവിടെ എത്താറുണ്ട്. പ്രായമായവരും കുട്ടികളുമാണ് ഏറെയും. മുൻപ് സേവനം അനുഷ്ഠിച്ചിരുന്ന ഡോക്ടർമാർ ജനകീയരായിരുന്നു. അതിനാലാണ് കൂടുതൽപേർ ഇവിടേക്ക് എത്തിത്തുടങ്ങിയത്. ഇപ്പോൾ ആഴ്ചകളായി ഒരു ഫാർമസിസ്റ്റിന്റെ സേവനം മാത്രമാണ് ലഭിക്കുന്നത്.കല്ലുവാതുക്കൽ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് ഈ ആശുപത്രി. ഗസറ്റഡ് റാങ്കുള്ള ഡോക്ടറാണെങ്കിലും അറ്റസ്റ്റേഷൻ അത്ര ഇഷ്ടമുള്ള കാര്യമല്ലെന്നും പരാതിയുണ്ട്. ഈ ആവശ്യവുമായി എത്തുന്ന സാധാരണക്കാരോട് പരുഷമായി പെരുമാറുന്നുവെന്നതും രഹസ്യമല്ല. സാധാരണക്കാരുടെ അഭയ കേന്ദ്രമായ ആശുപത്രിയിൽ ഉടൻ മെഡിക്കൽ ഓഫിസരുടെ സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഡോക്ടർ ദീർഘ അവധിയെടുത്തത് പഞ്ചായത്തിൽ അറിയിക്കാതെയാണ്. ധാരാളം പരാതികളാണ് ദിവസവും ഡോക്ടർക്കെതിരെ ലഭിക്കുന്നത്. പകരം സംവിധാനം ഏർപ്പെടുത്തുന്നുണ്ട്
പ്രതീഷ് കുമാർ (കല്ലുവാതുക്കൽ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ്)