കൊല്ലം: ഇൻഷ്വറൻസും ടാക്സുമില്ലാത സ്കൂൾ സർവീസ് ജീപ്പ് പിടിച്ചെടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അതിലുണ്ടായിരുന്ന വിദ്യാർത്ഥികളെ വകുപ്പ് വാഹനത്തിൽ വീടുകളിലെത്തിച്ചു. വിദ്യാർത്ഥികളെല്ലാം ഗമയോടെയാണ് എം.വി.ഡി ജീപ്പിൽ വീടുകളിലെത്തിയത്.

അഞ്ചലിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്കൂൾ കുട്ടികളെ വാഹനങ്ങളിൽ കുത്തി നിറച്ചുകൊണ്ടുപോകരുതെന്ന് നേരത്തെ നിർദേശിച്ചിട്ടുള്ളതാണ്. ആ നിർദേശം പാലിക്കുന്നുണ്ടോയെന്ന പരിശോധനയിലായിരുന്നു മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ. കുട്ടികളെ കുത്തി നിറച്ചെത്തിയ ജീപ്പ് ശ്രദ്ധയിൽപ്പെട്ടു. പരിശോധിച്ചു. ഉദ്യോഗസ്ഥർ ഞെട്ടി. ജീപ്പിന് ഇൻഷ്വറൻസില്ല, ടാക്സില്ല. ഡ്രൈവർക്ക് ലൈസൻസെങ്കിലുമുണ്ടോ എന്ന് ചോദിച്ചപ്പോൾ അതുമില്ല. ജീപ്പ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. അപ്പോഴാണ് മറ്റൊരു പ്രശ്നം തലപൊക്കിയത്. ഈ കുഞ്ഞുങ്ങളെ എങ്ങനെ സുരക്ഷിതമായി വീടെത്തിക്കും. ഉടൻ തന്നെ തീരുമാനം വന്നു. പിന്നീട് ഇരുപതോളം കുട്ടികളെ മോട്ടോർവാഹന വകുപ്പിന്റെ ഔദ്യോഗിക വാഹനത്തിൽ വീടുകളിൽ എത്തിക്കുകയായിരുന്നു.